SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ഡൽഹിയിൽ ബി.ജെ.പിക്ക് അഭിമാന വിജയം

delhi

രാജ്യത്തെ ഓരോ തിരഞ്ഞെടുപ്പും ഓരോ അതിശയം കാഴ്ചവയ്ക്കാറുണ്ട്. വീറുംവാശിയും ഏറെ നിറഞ്ഞുനിന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 27 വർഷത്തിനുശേഷം ബി.ജെ.പി ശക്തമായ നിലയിൽ തിരിച്ചുവന്നിരിക്കുകയാണ്. 70 അംഗ സഭയിൽ ബി.ജെ.പിക്ക് 48 സീറ്റാണ് ലഭിച്ചിരിക്കുന്നത്. പത്തുവർഷമായി ഡൽഹി ഭരിച്ചിരുന്ന ആം ആദ്മി പാർട്ടി 22 സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലുമെന്നപോലെ കോൺഗ്രസ് പാർട്ടി ഇക്കുറിയും ഒരു സീറ്റുപോലും നേടാനാകാതെ നിയമസഭാ കവാടത്തിന് പുറത്ത് നിൽക്കേണ്ടിയും വന്നു. 27 വർഷംമുൻപ് ബി.ജെ.പി യിൽനിന്നു അധികാരം പിടിച്ചെടുത്ത കോൺഗ്രസിന്റെ ഷീലാ ദീക്ഷിത്ത് തുടർച്ചയായി 15 വർഷമാണ് ഡൽഹി ഭരിച്ചത്. കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയുൾപ്പെടെ ദീക്ഷിത്ത് ഭരണത്തിന്റെ പ്രതിച്ഛായ വല്ലാതെ തകർന്ന ഘട്ടത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ താരമായി മുൻ സിവിൽ സർവീസുകാരനായ അരവിന്ദ് കെജ്‌രിവാൾ മുന്നോട്ടുവന്നതും മുൻനിര പാർട്ടികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഡൽഹി നിയമസഭയിൽ ചരിത്രവിജയം നേടിയതും. ഗാന്ധിയനും അഴിമതി വിരുദ്ധനുമായ അണ്ണാഹസാരെയുടെ വലംകൈയായി പൊതുരംഗത്ത് കടന്നുവന്ന കെജ്‌രിവാൾ കുറഞ്ഞ സമയമെടുത്താണ് ഡൽഹിവാസികളിൽ ഭൂരിപക്ഷത്തെയും കൈയിലെടുത്തത്. എതിർ കക്ഷികളെയെല്ലാം ദൂരെനിറുത്തി അദ്ദേഹം രണ്ടുതവണ നേടിയ മഹാവിജയം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തിളക്കമാർന്ന അദ്ധ്യായമാണ്. 2020- ലെ തിരഞ്ഞെടുപ്പിൽ 70- ൽ 62 സീറ്റ് നേടി അധീശത്വം സ്ഥാപിച്ച എ.എ.പിക്ക് ഇത്തവണ പക്ഷേ തീർത്തും അടിതെറ്റി എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്. അധികാരത്തിൽനിന്ന് പാർട്ടി നിഷ്‌കാസിതമായതോടൊപ്പം മുൻ മുഖ്യമന്ത്രിയും എ.എ.പിയുടെ സർവ്വസ്വവുമായ കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പ്രമുഖരിൽ പലരും പരാജിതരുമായി. കെജ്‌രിവാളിന്റെ രാജിയെത്തുടർന്ന് മുഖ്യമന്ത്രിപദമേറ്റ അതിഷി മാത്രമാണ് കഷ്ടിച്ച് കരകയറിയത്. പൊതുജീവിതത്തിൽ സംശുദ്ധിയുടെ ആൾരൂപമായി എത്തി ഒടുവിൽ അഴിമതി ആരോപണങ്ങളിൽ തലയോളം മുങ്ങിനിന്ന കെജ്‌രിവാളിന്റെ ഈ പതനം വിരോധാഭാസമായി തോന്നാം. എന്നാൽ അധികാരം ദുഷിപ്പിക്കും, പരമാധികാരം കൂടുതൽ ദുഷിപ്പിക്കുമെന്ന ആപ്തവാക്യമാണ് ഈ ഘട്ടത്തിൽ ആരുടെ മനസ്സിലും ഓടിയെത്തുക.

പതിനഞ്ചുവർഷം ഡൽഹി ഭരിച്ച കോൺഗ്രസിന്റെ നില ആരിലും സഹതാപമുണർത്തുന്നതു തന്നെയാണ്. 60.52 ശതമാനം പോളിംഗ് നടന്ന ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെല്ലാംകൂടി നേടാനായത് ആറുശതമാനത്തിലധികം വോട്ടുമാത്രമാണ്. അര നൂറ്റാണ്ടോളംകാലം രാജ്യം ഭരിച്ച ഒരു പാർട്ടിക്ക് നേരിട്ട ഈ ദൈന്യാവസ്ഥ പാർട്ടി ഹൈക്കമാൻഡും കീഴ്‌കമാൻഡുകളും എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ ജനങ്ങൾക്ക് താത്പര്യം കാണും.

പരമ സാത്വികനും ക്ളീൻ ഇമേജുമുള്ള കെജ്‌രിവാളിന്റെ പത്തുവർഷത്തെ ഭരണത്തിൽ ഡൽഹിവാസികൾക്ക് ആദ്യമുണ്ടായിരുന്ന വിശ്വാസവും മതിപ്പും പാടേ നഷ്ടമായി എന്നുവേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നു മനസിലാക്കാൻ. രണ്ടാംഊഴത്തിൽ പാർട്ടിക്കും കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾക്കും എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ വലിയൊരുവിഭാഗം വോട്ടർമാർ വിശ്വസിച്ചു. അതിന്റെ പ്രതിഫലനം വോട്ടിംഗിൽ പ്രകടമാവുകയും ചെയ്തു. ആദ്യ എ.എ.പി സർക്കാർ വരുന്നതിന് വഴിവച്ച സൗജന്യങ്ങളിൽ പലതും അതേപടി പിന്തുടരാൻ കഴിയാതിരുന്നതും വൻ കോളിളക്കമുണ്ടാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട ആരോപണവും എ.എ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ലളിത ജീവിതത്തിന്റെ ആൾരൂപമായി ആദ്യം ജനങ്ങൾ മുമ്പാകെവന്ന കെജ്‌രിവാൾ വൻ ആഡംബരങ്ങളുടെ പിറകേ പോയതും തിരിച്ചടിയായി. കൊട്ടാരസമാനമായ പടുകൂറ്റൻ ബംഗ്ളാവ് നിർമ്മിച്ച് സകല ആഡംബര സൗകര്യങ്ങളും കുത്തിനിറച്ച് മുഗൾചക്രവർത്തിമാരെപ്പോലെ സുഖജീവിതം നയിക്കാൻ ഒരുമ്പെട്ട കെജ്‌രിവാളിന്റെ ഈ മാറ്റങ്ങൾ ഡൽഹിവാസികൾക്ക് ഉൾക്കൊള്ളാനായില്ല എന്നതാണ് സത്യം. കെജ്‌രിവാളും പ്രമുഖ നേതാക്കളും അഴിമതിക്കേസുകളിൽ കുടുങ്ങി ജയിലിലായതാണ് സാധാരണക്കാരെ ചൊടിപ്പിച്ച മറ്റൊരു കാര്യം. എന്തിനും ഏതിനും ലഫ്: ഗവർണറുമായി നിരന്തരം നടത്തിക്കൊണ്ടിരുന്ന ഏറ്റുമുട്ടലുകൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇല്ലാത്ത വ്യാജ ആരോപണങ്ങളുടെ കെട്ടഴിച്ചുവിടുന്നതിലും കെജ്‌രിവാൾ മുന്നിൽത്തന്നെയായിരുന്നു. ഹരിയാന സർക്കാർ യമുനയിൽ വിഷം കലക്കി എന്നുവരെ അദ്ദേഹം ആരോപണമുന്നയിച്ചു. ഇലക്ഷൻ കമ്മിഷനെതിരെയും ഉന്നയിക്കപ്പെട്ടു ഒട്ടേറെ ആരോപണങ്ങൾ. ജനവിശ്വാസം നിലനിറുത്താനും ജനങ്ങളെ ഒപ്പം നിറുത്താനും ഇത്തരം ചെപ്പടിവിദ്യകൾ മതിയാവുകയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

രാവിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതലേ സൂചിക ബി.ജെ.പിക്കനുകൂലമായിരുന്നു. ഒരു ഘട്ടത്തിൽ പോലും ബി.ജെ.പി പിന്നോട്ടുപോയില്ല. എ.എ.പി നേടിയ സീറ്റുകളിലധികവും മുസ്ളിം-ദളിത് ഭൂരിപക്ഷ മേഖലകളിലാണെന്നത് ശ്രദ്ധേയമാണ്. 12 സംവരണ സീറ്റുകളിൽ അധികപങ്കും പാർട്ടി തന്നെ നിലനിറുത്തി. അതുപോലെ എ.എ.പി ഭരിക്കുന്ന പഞ്ചാബിനോട് അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളിലും ആപ്പിനുതന്നെയാണ് മുൻതൂക്കം. കെജ്‌രിവാൾ മത്സരിച്ച ന്യൂഡൽഹി ഉൾപ്പെടെയുള്ള സീറ്റുകളിൽ മദ്ധ്യവർഗവിഭാഗം നല്ലതോതിൽ അകന്നതാണ് 'ആപ്പി"ന് വിനയായത്.

ബി.ജെ.പി ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് കയറുന്ന വേളയിൽ കെജ്‌രിവാളിന്റെ പഴയ മെന്ററായ അണ്ണാഹസാരെ നടത്തിയ പരാമർശങ്ങൾ ഏറെ ശ്രദ്ധേയമായി. തന്റെ ഉപദേശങ്ങൾ ചെവിക്കൊള്ളാതെ കെജ്‌രിവാൾ സ്വാർത്ഥമതിയെപ്പോലെ മുന്നോട്ടുപോയതിന്റെ തിക്തഫലമാണ് ഇപ്പോൾ അനുഭവിക്കേണ്ടിവന്നതെന്നായിരു ഹസാരെയുടെ കമന്റ്. പണവും അധികാരവും വന്നപ്പോൾ കെജ്‌രിവാൾ അവയിൽ മയങ്ങി നല്ല ശീലങ്ങളെല്ലാം വെടിഞ്ഞതും തിരിച്ചടിക്ക് കാരണമായെന്നാണ് അഴിമതിക്കെതിരെ പട നയിച്ച് ഒടുവിൽ രംഗം വിടേണ്ടിവന്ന ഹസാരെയുടെ കണ്ടെത്തൽ.

ഭൂരിപക്ഷം നേടാനായില്ലെങ്കിലും എ.എ.പിയുടെ ജനസ്വാധീനം പാടേ ഇടിഞ്ഞിട്ടൊന്നുമില്ലെന്ന് വോട്ടുനില വ്യക്തമാക്കുന്നു. 48 ശതമാനത്തോളം വോട്ടുകൾ ബി.ജെ.പി നേടിയപ്പോൾ 43 ശതമാനം വോട്ടുകൾ ആപ്പിനും ലഭിച്ചത് ശ്രദ്ധേയമാണ്. ഇന്ത്യാസഖ്യത്തിൽ ആപ്പും ഭാഗമായിരുന്നു. എന്നാൽ ഡൽഹിയിൽ ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിടാൻ രണ്ട് പാർട്ടികൾക്കും കഴിഞ്ഞില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യം ഏതാനും മണ്ഡലങ്ങളിൽ ആപ്പിന്റെ വിജയം തകർക്കുകയും ചെയ്തു.

'ആപ്പ്" സർക്കാർ ഡൽഹിയിൽ നേരിട്ടുകൊണ്ടിരുന്ന ജനകീയ പ്രശ്നങ്ങളിൽ പലതും അതേപടി തുടരുന്നതിനാൽ അധികാരത്തിലേറുന്ന ബി.ജെ.പി സർക്കാരിന് ഭരണം അത്ര ലഘുവായിരിക്കുകയില്ല. ശുദ്ധജല വിതരണ മേഖല നേരിടുന്ന തകർച്ചയാണ് ഏറ്റവും വലിയ പ്രശ്നം. മാലിന്യവാഹിയായ യമുനയിലെ ജലം കൈകൊണ്ടുതൊടാൻ പോലും പറ്റാത്തതാണ്. വൈദ്യുതി വിതരണത്തിലും പ്രശ്നങ്ങളുണ്ട്. നിശ്ചിത യൂണിറ്റുവരെ സൗജന്യം നൽകുന്നത് തുടരേണ്ടതുണ്ട്. എ.എ.പി നൽകിക്കൊണ്ടിരുന്ന സൗജന്യങ്ങൾ തുടരുന്നതിനൊപ്പം ബി.ജെ.പിയും വോട്ടർമാർക്ക് ഒട്ടേറെ സൗജന്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുമെന്നതാണ് അതിൽ പ്രധാനം. യാത്രാസൗജന്യം ഉൾപ്പെടെ വേറെയും വാഗ്ദാനങ്ങളുണ്ട്. അതെല്ലാം എത്രത്തോളം നടപ്പാക്കാനാകും എന്നതിനെ ആശ്രയിച്ചാകും ബി.ജെ.പി ഭരണത്തെ വിലയിരുത്തുക.

ഡൽഹി തിരഞ്ഞെടുപ്പിൽ പതിവുപോലെ ഏറ്റവും വലിയ നഷ്ടം നേരിട്ട കോൺഗ്രസ് പാർട്ടിയാണ് ഒരിക്കൽകൂടി ആത്മപരിശോധന നടത്തേണ്ടിവന്നിരിക്കുന്നത്. ഇതിനകം നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് ഒരു പാഠവും പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഡൽഹി ഫലവും വിളിച്ചോതുന്നു. ഉണ്ടയില്ലാവെടികൾ പൊട്ടിച്ച് അപവാദ പ്രചാരണം നടത്തുന്നതിനപ്പുറം നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാൻ എന്തെല്ലാം ചെയ്യണമെന്ന് നേതാക്കൾ ചേർന്നിരുന്ന് വഴി കണ്ടെത്തണം. തിരഞ്ഞെടുപ്പുകൾ ഇനിയും മുന്നിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI, ELETION, MODI, KEJRIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION