SignIn
Kerala Kaumudi Online
Monday, 21 September 2026 8.36 AM IST

ഹോസ്റ്റലുകൾ ലഹരി വില്പന കേന്ദ്രങ്ങളാകരുത്

READ ENGLISH VERSION
kalamasseri

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനം വച്ചു നോക്കുമ്പോൾ വെള്ളിയാഴ്ച കൊച്ചിയിൽ,​ കലാലയ ഹോസ്റ്റലിൽ നടന്ന പൊലീസ് - എക്സൈസ് റെയ്‌ഡിൽ വെളിപ്പെട്ട ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ അത്ഭുതം തോന്നേണ്ടതില്ല. കാരണം,​ ഇവിടെ വിറ്റഴിക്കപ്പെടുന്ന ലഹരിവസ്തുക്കളിൽ സിംഹഭാഗത്തിന്റെയും ഉപയോക്താക്കൾ യുവാക്കളും വിദ്യാർത്ഥികളുമാണ്. ലഹരി വ്യാപാരത്തിന് രാഷ്ട്രീയക്കാരുടെ ഒത്താശയുള്ളതിനാൽ സമൂഹത്തെ നശിപ്പിക്കുന്ന ലഹരി ഇടപാടുകൾ നിർബാധം നടത്താനുള്ള സാഹചര്യങ്ങളും ഇവിടെയുണ്ട്. കേസിൽപ്പെട്ടാലും രക്ഷിക്കാൻ പുറത്ത് ആളുണ്ടാകും. ലഹരിവസ്തുക്കളുടെ വില്പന വഴി കിട്ടുന്ന അളവറ്റ സമ്പാദ്യത്തിന്റെ ഒരു പങ്ക് എത്തേണ്ടിടത്തൊക്കെ എത്തിക്കഴിഞ്ഞാൽ നിർഭയമായി വ്യാപാരം തുടരാം. ഉപഭോക്താക്കൾക്ക് പഞ്ഞമില്ലാത്തതിനാൽ കച്ചവടം പൊടിപൊടിക്കുകയും ചെയ്യും!

ലഹരിക്കെതിരെ പെരുമ്പറ മുഴക്കുന്നവർ ഈ സാമൂഹ്യ തിന്മയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ ലഹരിവില്പന ഗണ്യമായി നിയന്ത്രിക്കാനാകും. അതു ചെയ്യാതെ രഹസ്യ പിന്തുണ തുടരുകയാണെങ്കിൽ എത്രയെത്ര മിന്നൽ പരിശോധനകൾ നടത്തിയാലും ലഹരിക്കച്ചവടം കുറയാൻ പോകുന്നില്ല.

കളമശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്തത് രഹസ്യമായി വളർത്തുന്ന കഞ്ചാവുചെടി മാത്രമല്ല, ആവശ്യക്കാർക്ക് കഞ്ചാവ് തൂക്കി വിൽക്കാൻ വച്ചിരുന്ന ത്രാസ് കൂടിയാണ്. ഹോളിയോടനുബന്ധിച്ച് വൻതോതിൽ ലഹരിവസ്തുക്കളുടെ വില്പന നടക്കുമെന്നതിനാൽ ഹോസ്റ്റലിൽ അവയുടെ സ്റ്റോക്ക് കരുതിയിരുന്നു. കലാലയത്തിന്റെ പ്രിൻസിപ്പൽ തന്നെ പൊലീസിനു നൽകിയ വിവരമാണ് റെയ്‌ഡിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് യൂണിൻ ജനറൽ സെക്രട്ടറി ഉൾപ്പെടെ മൂന്നു വിദ്യാർത്ഥികൾ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

അറസ്റ്റിലായ യൂണിയൻ നേതാവ് എസ്.എഫ്.ഐക്കാരനാണെന്നതാണ് കൗതുകകരമായ കാര്യം. ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ എസ്.എഫ്.ഐ എവിടെയും മുൻപന്തിയിൽത്തന്നെയുണ്ട്. തങ്ങളെ താറടിക്കാൻ വേണ്ടി കെ.എസ്.യുക്കാർ കൊണ്ടുവന്നു വച്ച ലഹരിവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് എസ്.എഫ്.ഐയുടെ വാദം. കഞ്ചാവും എം.ഡി.എം.എ എന്ന മാരക രാസലഹരിയും പിടിച്ചെടുത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആറുപേർ കൂടി പിടിയിലായിട്ടുണ്ട്. എട്ടുദിവസത്തെ റെയ്ഡുകളിൽ പിടികൂടിയ ലഹരിവസ്തുക്കൾക്കെല്ലാം കൂടി വിപണിയിൽ രണ്ടുകോടി രൂപയ്ക്കടുത്ത് വില വരും. യഥാർത്ഥത്തിൽ,​ സംസ്ഥാനത്ത് രഹസ്യമായി ഓരോ മണിക്കൂറിലും വിറ്റഴിയുന്ന ലഹരിപദാർത്ഥങ്ങളുടെ എത്രയോ കുറഞ്ഞ മൂല്യമാണിത്. ലഹരിവസ്തുക്കളുടെ വ്യാപകമായ ഉപയോഗം സംസ്ഥാനത്തെ പല കുടുംബങ്ങളെയും വേട്ടയാടുകയാണ്.

ഏത് ആഘോഷത്തിനും ലഹരി കൂടിയേ തീരൂ എന്നിടത്തു നിന്നാണ് അവയുടെ ശേഖരണവും വില്പനയും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അവ എത്തിക്കാൻ പ്രാവീണ്യം നേടിയ സംഘങ്ങൾ തന്നെയുണ്ട്. റെയ്‌ഡുകൾക്കൊപ്പം ലഹരിവില്പനയുടെ കണ്ണികൾ കൂടി പൊട്ടിക്കാൻ കഴിയണം. മാഫിയാ സംഘങ്ങളുടെ വേരറുക്കാതെ ലഹരി വല ഇല്ലാതാക്കാനാവില്ല. ലഹരിസംഘങ്ങൾ സ്‌കൂൾ കുട്ടികളെയും ലഹരിക്ക് അടിമകളാക്കുന്നു എന്നതാണ് ഇപ്പോഴത്തെ പേടിപ്പെടുത്തുന്ന പ്രവണത. ലഹരി ഉപയോഗത്തിൽ മാത്രമല്ല അവയുടെ രഹസ്യ വില്പനയ്ക്കും കുട്ടികളെ ഉപയോഗിക്കുന്ന കച്ചവട ശൃംഖലകളുണ്ട്. സ്‌കൂൾ പരിസരങ്ങളാണ് ഇവരുടെ താവളങ്ങൾ. നല്ല ലാഭം ഉണ്ടാക്കാമെന്നതുകൊണ്ട് കച്ചവടക്കാരും വില്പനയ്ക്ക് കൂട്ടുനിൽക്കുന്നു. ലഹരിക്കെതിരെ നാനാവഴിക്കും പ്രചാരണങ്ങളും റെയ്‌ഡുകളും നടന്നിട്ടും ലഹരിക്കച്ചവടം തഴച്ചുവളരുകയാണ്. രാഷ്ട്രീയക്കാർ കൂടി ആത്മാർത്ഥമായി സഹകരിച്ചാലേ സമൂഹത്തെ കാർന്നുതിന്നുന്ന ഈ മാരക ഭീഷണിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാവൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY