SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

താളം തെറ്റരുത് മെഡിസെപ്

a

ഇക്കാലത്ത് ആരോഗ്യ പരിരക്ഷയ്ക്കുള്ള പദ്ധതികൾ വളരെ പ്രധാനമാണ്. ചികിത്സയുടെ ചെലവ് താങ്ങാനാവാത്തതായി മാറിയതു തന്നെയാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെ ആശ്രയിക്കാൻ കൂടുതൽ പേരെ പ്രേരിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിനെക്കുറിച്ച് തുടക്കം മുതൽ പരാതികൾ ഉയർന്നിരുന്നു. പല പ്രമുഖ ആശുപത്രികളും ചികിത്സ നിഷേധിക്കുന്നു എന്നതായിരുന്നു പ്രധാന പരാതി. തുടർന്നാണ് പരാതികൾ പരിഹരിച്ച് കൂടുതൽ തുക ലഭ്യമാക്കുന്ന രീതിയിൽ മെഡിസെപ് രണ്ടാം ഘട്ടം സർക്കാർ പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർ, സർവീസ് കുടുംബ പെൻഷൻകാർ, യൂണിവേഴ്സിറ്റികളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് രണ്ടാം ഘട്ട പദ്ധതി. നേരത്തേ മൂന്നു ലക്ഷമായിരുന്നതാണ് അഞ്ചു ലക്ഷമായി ഉയർത്തിയത്. പ്രതിമാസ പ്രീമിയം 687 രൂപയായും നിശ്ചയിച്ചു. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രീമിയമായി വർഷത്തിൽ ആകെ നൽകേണ്ടത് 8244 രൂപയാണ്.

ദേശീയാടിസ്ഥാനത്തിൽ അംഗീകരിച്ചിട്ടുള്ള ഹെൽത്ത് ബെനഫിറ്റ് പാക്കേജ്- 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. റോഡപകടം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രികളിലും ചികിത്സ തേടാം. ഇതിന് ചെലവാകുന്ന തുക ഇൻഷ്വറൻസ് കമ്പനി പിന്നീട് തിരികെ നൽകും.

സംസ്ഥാന ജീവനക്കാർ പൊതുവെ സ്വാഗതം ചെയ്ത രണ്ടാംഘട്ട പദ്ധതിയുടെ നടത്തിപ്പ് ഇപ്പോൾ താളം തെറ്റിയിരിക്കുന്നതായാണ് അവർ തന്നെ പരാതി പറയുന്നത്. രണ്ടാം ഘട്ടം തുടങ്ങിയെങ്കിലും നടപടികൾ ആരംഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി പ്രമുഖ സ്വകാര്യ ആശുപത്രികൾ പലതും പദ്ധതി പ്രകാരമുള്ള സേവനങ്ങൾ നിറുത്തലാക്കിയിരിക്കുകയാണ്. ഇതോടെ അടിയന്തര ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കും എത്തുന്നവർ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നിരിക്കുകയാണ്. മെഡിസെപ് വെബ് പോർട്ടലിൽ സാങ്കേതിക തടസം നേരിട്ടതാണ് പ്രശ്നകാരണമെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം. സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ കൈമാറുന്നതിലെ കാലതാമസമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. എംപാനൽ ചെയ്ത ആശുപത്രികളിൽ ചെല്ലുമ്പോൾ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് രോഗികളെ മടക്കുന്നതായാണ് പ്രധാന പരാതികൾ. സർക്കാർ അടിയന്തരമായി ഇടപെട്ട് സ്വകാര്യ ആശുപത്രികളുമായുള്ള തർക്കം പരിഹരിക്കണമെന്നും ചികിത്സാ സൗകര്യം പുന:സ്ഥാപിക്കണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.

അതേസമയം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ അടുത്തിടെ ഉന്നതതല യോഗം ചേർന്നിരുന്നു. പോർട്ടൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മാർച്ച് 14 മുതൽ 18 വരെ സാങ്കേതിക തടസം നേരിട്ടെന്നാണ് യോഗത്തിനു ശേഷം അധികൃതരുടെ വിശദീകരണം. ഏത് നല്ല പദ്ധതിയുടെയും നടത്തിപ്പ് പാളിയാൽ ഉദ്ദേശിച്ച ഫലം ചെയ്യില്ല. മെഡിസെപ് പദ്ധതി താളം തെറ്റിയാൽ ഗുണഭോക്താക്കൾക്ക് ഇതിലുള്ള വിശ്വാസം തന്നെ നഷ്ടമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY