SignIn
Kerala Kaumudi Online
Sunday, 19 July 2026 8.34 AM IST

ഇന്ത്യയുടെ കുതിപ്പ്

1

രാജ്യത്തെ ആദ്യത്തേതും ലോകത്തെ ഏറ്റവും ദൈർഘ്യമേറിയതുമായ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യുകയുണ്ടായി. ഇതിലൂടെ അമേരിക്ക, ജപ്പാൻ, ചൈന, ജർമ്മനി, എന്നീ രാജ്യങ്ങൾക്കൊപ്പം ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം. ലോകത്തെ ഏറ്റവും ശക്‌തമായ ഹൈഡ്രജൻ എൻജിനും ഇന്ത്യയുടേതാണ്. ലോക ട്രെയിൻ ഗതാഗത ഭൂപടത്തിൽ ഇന്ത്യ ഒന്നാമതെത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ശരിയാണ്. പൂർണമായും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ ഹൈഡ്രജൻ എൻജിൻ. പുകയും മലിനീകരണവും ഇല്ല. ശബ്ദവും അറിയില്ല. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് എൻജിൻ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ഉത്‌പാദിപ്പിക്കും. ഇതിനുള്ള ഹൈഡ്രജൻ ഫ്യുവൽ സെല്ലും ഇന്ത്യ വികസിപ്പിച്ചതാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു ഡിസൈനും നിർമ്മാണവും.

ഹരിയാനയിലെ ജിന്ദ് മുതൽ സോനിപ്പത്ത് വരെ 89 കിലോമീറ്ററാണ് സർവീസ്. പത്തു കോച്ചുകളുള്ള ട്രെയിനിൽ 2,600 പേർക്ക് യാത്ര ചെയ്യാം. അഞ്ചു രൂപ മുതൽ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദിവസവും രാവിലെ 7.40ന് ജിന്ദിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.40ന് സോനിപ്പത്തിലെത്തും. മടക്കയാത്രയിൽ രാവിലെ 10.40ന് സോനിപ്പത്തിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് ജിന്ദിൽ എത്തും. ട്രെയിൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഗ്രീൻ ഹൈഡ്രജൻ ഉത്പ്പാദിപ്പിക്കാൻ ജിന്ദ് സ്‌റ്റേഷനിൽ പ്രത്യേക പ്ളാന്റും സ്ഥാപിച്ചിട്ടുണ്ട്.

ഈ ട്രെയിൻ മേക്ക് ഇൻ ഇന്ത്യയുടെ മികച്ച ഉദാഹരണമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ സംഘർഷം ഉണ്ടായ സമയത്ത് ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസപ്പെട്ടപ്പോൾ റെയിൽവേ പ്രവർത്തനം നിറുത്താതെ പിടിച്ചുനിന്നത് പാതകളുടെ വൈദ്യുതീകരണം വേഗത്തിൽ പൂർത്തിയാക്കിയത് കൊണ്ടാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി, തലശേരി, ചാലക്കുടി, അങ്കമാലി ഉൾപ്പെടെ നവീകരിച്ച 75 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും തദവസരത്തിൽ മോദി നിർവഹിച്ചിരുന്നു. അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബുള്ളറ്റ് ട്രെയിൻ ജപ്പാനുമായുള്ള സഹകരണത്തോടെ അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായുള്ള മുംബയ് - അഹമ്മദാബാദ് ഹൈ സ്‌പീഡ് റെയിൽ കോറിഡോറിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുകയാണ്. വന്ദേഭാരത് ട്രെയിനുകളുടെ വ്യാപനമാണ് വേഗത്തിൽ നടപ്പിലാവേണ്ടത്. വന്ദേഭാരതിന് കൂടുതൽ യാത്രക്കാർ രാജ്യത്തുള്ള കേരളത്തിൽ, പരിമിതമായ റൂട്ടുകളിലേ ഇപ്പോഴും സർവീസുള്ളൂ.

ഇവയിൽ ടിക്കറ്റ് ലഭിക്കാനും പ്രയാസമാണ്. വന്ദേഭാരത് സർവീസുകളുടെ എണ്ണം കൂട്ടുകയാണ് ഏറ്റവും ആവശ്യം. കേരളത്തിന്റെ അതിവേഗ റെയിൽപ്പാത വിവാദങ്ങളിൽ കുരുങ്ങി ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ട്രെയിനിൽ കൃത്യമായി ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരാണ് മലയാളികൾ . ആ ഒരു പരിഗണന ഇക്കാര്യത്തിൽ റെയിൽവേ കേരളത്തോട് കാണിക്കേണ്ടതാണ്. പൊതുവേ, കേരളത്തോട് അനുഭാവം കാട്ടുന്ന വ്യക്തിയാണ് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വിഷയം കേരളത്തിൽ നിന്നുള്ള എം.പിമാർ അശ്വിനി വൈഷ്ണവിനെ ധരിപ്പിക്കണം . ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ മറ്റൊരു തിളക്കമാർന്ന നേട്ടമാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ്. സെമി കണ്ടക്ടറടക്കം പുതിയ കാൽവയ്‌പ്പുമായി രാജ്യം കുതിപ്പു തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION