
സർക്കാർ ആശുപത്രികളിൽ കോടിക്കണക്കിന് രൂപയുടെ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടുത്താതെ ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നു എന്ന വാർത്ത അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാകേണ്ട വെന്റിലേറ്ററുകൾ, ഡയാലിസിസ് മെഷീനുകൾ, മാമോഗ്രഫി, എക്സ്റേ ഉപകരണങ്ങൾ മുതലായവയാണ് പല മെഡിക്കൽ കോളേജ് ആശുപത്രികളിലും പെട്ടിപോലും പൊട്ടിക്കാതെ പൊടിപിടിച്ചു കിടക്കുന്നത്. ഇതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആർ.ഐ.ഒയിലുമായി മാത്രം 23.82 കോടിയുടെ അഴിമതിയാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
പൊതുജനങ്ങളുടെ നികുതിപ്പണം എങ്ങനെ ദുരുപയോഗപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ആശുപത്രികളുടെ യഥാർത്ഥ ആവശ്യങ്ങൾ വിലയിരുത്താതെ കമ്മിഷൻ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയെന്നത് വളരെ വ്യക്തമാണ്. ഇതിൽ പല ഉപകരണങ്ങളുടെയും വാറന്റി കാലാവധി പോലും ഉപയോഗിക്കാതെ അവസാനിച്ചവയാണ്. അതേസമയം, ഇത്തരം വിലകൂടിയ ഉപകരണങ്ങൾ വെയർഹൗസുകളിലും മറ്റും കിടന്ന് നശിക്കുമ്പോൾ സാധാരണക്കാരായ രോഗികൾ സ്കാനിംഗിനും ഡയാലിസിസിനും മറ്റുമായി വലിയ തുക കൊടുത്ത് സ്വകാര്യ ലാബുകളെയും സ്വകാര്യ ആശുപത്രികളെയും സമീപിച്ച് കടക്കെണിയിലാവുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്.
കഴിഞ്ഞ പത്തു വർഷം ആശുപത്രി ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിച്ച ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന് കൈമാറിയത്.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയുള്ള മരുന്നു വാങ്ങലിലെ അഴിമതികൾക്ക് തൊട്ടു പിന്നാലെയാണ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കൂട്ടി പാഴാക്കിയെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്. ഉപകരണങ്ങളുടെ ആവശ്യം പെരുപ്പിച്ച് കാണിച്ച് വാങ്ങാൻ പർച്ചേസ് ഓർഡർ നൽകിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിച്ച് നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ അനുമതി നൽകാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പല ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടി വരികയാണെന്ന ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടനൽകിയിരുന്നു. ഇതേത്തുടർന്ന് ആ ഡോക്ടറെ ഒറ്റപ്പെടുത്താനും ക്രൂശിക്കാനും ശ്രമങ്ങൾ നടന്നിരുന്നതും മറക്കാറായിട്ടില്ല. മെഡിക്കൽ കോളേജുകളിൽ ചില പ്രധാന ഉപകരണങ്ങൾ കേടായാൽ അതു നന്നാക്കാൻ നടപടി സ്വീകരിക്കാതെ മാസങ്ങളോളം വൈകിപ്പിക്കുന്നതും പതിവാണ്. ചില ഉപകരണങ്ങൾ മനഃപൂർവം കേടാക്കുന്നതായി പോലും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പാവപ്പെട്ടവർക്ക് സഹായമാകേണ്ട ആരോഗ്യ രംഗം രാഷ്ട്രീയക്കാർക്ക് കറവപ്പശുവായി മാറേണ്ട ഒന്നല്ല.
ഒരു കാലത്ത് വളരെ പേരുകേട്ട കേരള മോഡൽ ആരോഗ്യമേഖല ഇന്ന് ആകെ തകർന്നു തരിപ്പണമായ നിലയിലാണ്. ഈ രംഗത്തിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ പുതിയ ആരോഗ്യ മന്ത്രിക്ക് സമൂലമായ ഒരു ശുദ്ധീകരണം തന്നെ നടത്തേണ്ടിവരും. ഈ ഉപകരണങ്ങൾ വാങ്ങിയതിലെ കമ്മിഷൻ എങ്ങോട്ടാണ് പോയതെന്ന് ഇത് വിതരണം ചെയ്ത കമ്പനിക്കാർക്ക് നേരിട്ട് അറിവുള്ളതാണ്. അതവർ സ്വമേധയാ വെളിപ്പെടുത്തണമെന്നില്ല. എന്നാൽ, ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തിയാൽ എല്ലാം വെളിയിൽ വരും. അങ്ങനെ അന്വേഷണം നടത്തി ആവശ്യമില്ലാത്ത തോതിൽ അധികമായി ഉപകരണം വാങ്ങാൻ ഓർഡർ നൽകിയവരെയും അതിന് പിന്നിൽ പ്രവർത്തിച്ച കമ്മിഷൻ മാഫിയകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് പുതിയ സർക്കാർ നടപടികൾ സ്വീകരിക്കേണ്ടത്. സാധാരണക്കാരന്റെ ജീവൻ വച്ച് പന്താടാൻ ആരെയും അനുവദിക്കാൻ പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |