
ഒരു കാലത്ത് വിശ്വാസ്യതയ്ക്ക് ഏറ്റവും പേരുകേട്ട ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായിരുന്ന കേരള പി.എസ്.സി, പരീക്ഷാത്തട്ടിപ്പിന് കുടപിടിക്കുന്ന ഒരു സ്ഥാപനമെന്ന പേരുദോഷം വരുത്തിയിരിക്കുന്നതായി മാറിയത് ആശങ്കാജനകമാണ്. കേരള പബ്ലിക് സർവിസ് കമ്മിഷൻ ചെയർമാൻ എം.ആർ. ബൈജുവിനെതിരെയും കമ്മിഷനെതിരെയും ഉയർന്നു വന്നിട്ടുള്ള പരീക്ഷാ ക്രമക്കേട് ആരോപണങ്ങൾ നിസാരമായി തള്ളിക്കളയാനാവുന്നതല്ല. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നത്തിന്റെ ഏക ആശ്രയമായ പി.എസ്.സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പി.എസ്.സി ചെയർമാനും മറ്റ് അംഗങ്ങൾക്കും നോട്ടീസ് അയച്ചിരിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമേറിയതാണ്.
ചെയർമാൻ ഉൾപ്പെടെ 16 അംഗങ്ങളെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. എന്നാൽ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗങ്ങൾക്ക് നോട്ടീസ് നൽകിയതിൽ നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ നോട്ടീസ് ചെയർമാനും അംഗങ്ങളും തള്ളിയിരിക്കുകയാണ്. അതേസമയം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്താതെ പി.എസ്.സി ആസ്ഥാനത്തെത്തി മൊഴിയെടുത്താൽ എതിർക്കില്ലെന്നും സൂചനയുണ്ട്. വ്യാഴാഴ്ച പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് അംഗങ്ങളുടെയും ചെയർമാന്റെയും ഓഫീസുകളിൽ നോട്ടീസ് എത്തിച്ചത്. ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും മൊഴികൾ ക്രൈംബ്രാഞ്ച് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
നിലവിൽ കേസെടുത്തിട്ടുള്ള ആസൂത്രണ ബോർഡ് ചീഫ് നിയമനത്തിന് അഭിമുഖം നടത്തിയത് പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിലുള്ള ബോർഡാണ്. മൂല്യനിർണയത്തിലെ പിഴവിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അറിയാനാണ് അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ നടന്ന തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കുമെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. പരീക്ഷാ വിഭാഗത്തിന്റെ ചുമതല ഉണ്ടായിരുന്ന അഡിഷണൽ സെക്രട്ടറി ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരെ പ്രതികളാക്കി എസ്.ഐ.ടി കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയേക്കും. ഓൺ സ്ക്രീൻ മാർക്കിംഗിന്റെ ചുമതല ഈ ഉദ്യോഗസ്ഥർക്കായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറിയാണ് ഉത്തരക്കടലാസുകൾ പരിശോധകർക്ക് കൈമാറേണ്ടത്. എന്നാൽ, കൈമാറുമ്പോഴും തിരികെ ലഭിച്ചപ്പോഴും പരിശോധിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പത്ത് ഉത്തരങ്ങൾ ഓൺ സ്‌ക്രീൻ മാർക്കിംഗിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത് അശ്രദ്ധയായി കാണാനാകില്ല. ഇതിന്റെ പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടതും പി.എസ്.സിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ അനിവാര്യമാണ്. കമ്മിഷനിൽ ചർച്ചകളില്ലാതെ ഏകപക്ഷീയമായ രീതിയിലാണ് ചെയർമാൻ പ്രവർത്തിച്ചിരുന്നതെന്ന ആരോപണം ചില പി.എസ്.സി അംഗങ്ങളിൽ നിന്നു തന്നെ ഉയർന്നിട്ടുള്ളതും പി.എസ്.സിയുടെ ആഭ്യന്തര തകർച്ചയെയാണ് കാണിക്കുന്നത്. ഈ ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അതിലൂടെയല്ലാതെ സാധാരണക്കാരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളോട് നീതി പുലർത്താൻ സർക്കാരിന് കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |