ന്യൂഡൽഹി: സുപ്രീംകോടതി മാർച്ചിനിടെ വനിതാ പൊലീസുകാരോട് അനാദരവു കാട്ടാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആരാണ് അധികാരം നൽകിയതെന്ന് ബി.ജെ.പി. ഭരണഘടനയെക്കുറിച്ച് അറിവില്ലാത്ത, അരാജകവാദിയായ പക്വതയില്ലാത്ത വ്യക്തിയെ പ്രതിപക്ഷ നേതാവായി ലഭിച്ചതിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
യൂണിഫോം ധരിച്ച വനിതാ ഉദ്യോഗസ്ഥയെ അനുചിതമായി സ്പർശിക്കാനും അന്തസ് ലംഘിക്കാനും രാഹുലിന് അവകാശമുണ്ടോ. ഗാന്ധി കുടുംബം നിയമത്തിന് അതീതരാണെന്ന മാനസികാവസ്ഥയാണ് രാഹുലിന്റേത്. ഗാന്ധി കുടുംബത്തിൽപ്പെട്ട സ്ത്രീകളുടെ അന്തസിനെക്കുറിച്ചേ ആശങ്കയുള്ളൂ. പ്രിയങ്ക ഗാന്ധിയും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് തള്ളുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
നീതിയുടെ ക്ഷേത്രമായ സുപ്രീംകോടതിയെ പ്രതിഷേധ സ്ഥലമാക്കാനും ആൾക്കൂട്ടത്തെ ഉപയോഗിച്ച് ജുഡിഷ്യറിയെ ഭീഷണിപ്പെടുത്താനും രാഹുലിനെപ്പോലുള്ള അരാജകത്വം നിറഞ്ഞ ഒരാൾക്കേ കഴിയൂ. കോൺഗ്രസ് ഭരണഘടനാ വിരുദ്ധ പാർട്ടിയാണെന്ന് ഇതോടെ തെളിഞ്ഞു. ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചപ്പോൾ കോൺഗ്രസിന്റെ കേരള ഘടകം ഉയർത്തിയ ഭീഷണിയും രാഹുലിന് സമാനമായ മാനസികാവസ്ഥയിൽ നിന്നാണ്. പോസ്റ്റ് പിൻവലിച്ച് അവർ പതിവുപോലെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |