
യുഗപ്രഭാവനായ ശ്രീനാരായണഗുരു തന്റെ ദർശനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കാൻ മൂന്ന് മാർഗങ്ങളാണ് സ്വീകരിച്ചത്. കവിതയും സംഘടനയും ആത്മീയ നേതൃത്വവുമായിരുന്നു അവ. എല്ലാ ജീവജാലങ്ങളും ആത്മസഹോദരങ്ങളാണെന്നും പരമാത്മാവിന്റെ അംശങ്ങളാണെന്നും ദാർശനികക്കാതലുള്ള തന്റെ കവിതകളിലൂടെ വിളംബരം ചെയ്തു. അയിത്തവും അനാചാരങ്ങളും ഭേദചിന്തകളും ഇല്ലാതാക്കാനും അവയ്ക്കെതിരെ പോരാടാനും എസ്.എൻ.ഡി.പി യോഗ രൂപീകരണത്തിലൂടെ ലക്ഷ്യം വച്ചു. ശ്രീനാരായണ ദർശനങ്ങളുടെ ആത്മീയവശം പ്രചരിപ്പിക്കാനും ജനകീയമാക്കാനും സന്യാസിമാരെയും ശിഷ്യന്മാരെയും ഉൾപ്പെടുത്തി ധർമ്മസംഘം രൂപീകരിച്ചു. ഇവയുടെയെല്ലാം പ്രയത്നഫലമായിട്ടാണ് ഗുരുദേവദർശനങ്ങളും ആശയങ്ങളും ലോകമെങ്ങും വ്യാപരിച്ചത്. ഗുരുദേവൻ രചിച്ച ദൈവദശകമെന്ന വിശ്വസാഹോദര്യ പ്രാർത്ഥനാഗീതം ലോകത്തെ നൂറിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു. ഈയിടെയാണ് വിവിധ രാജ്യങ്ങളിലെ ഇരുപത്തഞ്ചുലക്ഷത്തോളം പേർ ഒരേസമയം അതാലപിച്ചത്.
ഗുരുദേവ ദർശനങ്ങളുടെ ആത്മീയ തലസ്ഥാനമാണ് ശിവഗിരി. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാടനം ലോക സാഹോദര്യത്തിന്റെയും മാനവികതയുടെയും പ്രതീകമാണ്. ഓരോ വർഷം കഴിയുംതോറും മാറ്റുകൂടി വരുന്ന സ്വർണം പോലെയാണ് ഗുരുദേവ ദർശനങ്ങൾ. ഗുരുദേവ നിയോഗം പോലെയാണ് ശിവഗിരിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും പ്രവർത്തനം നടക്കുന്നത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അനുഭവസമ്പന്നരും ഗുരുദർശന പണ്ഡിതരുമായ മൂന്നുപേരാണ് പുതിയ സാരഥികളായത്. ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംഭരാനന്ദയും ജനറൽ സെക്രട്ടറിയായി സ്വാമി വിശുദ്ധാനന്ദയും ട്രഷററായി സ്വാമി ശാരദാനന്ദയുമാണ് മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്.
സ്വാമി സച്ചിദാനന്ദ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയൊഴിഞ്ഞ സ്വാമി ശുഭാംഗാനന്ദ പുതിയ ജനറൽ സെക്രട്ടറിക്ക് താക്കോൽ കൈമാറി. സ്വാമി ഋതംഭരാനന്ദ 2006 മുതൽ 2016 വരെയും 2021 മുതൽ 2022 വരെയും ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്നു. സൗമ്യവും പക്വവുമായ പെരുമാറ്റവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഹൃദയവിശാലതയുമുള്ള അദ്ദേഹത്തിന് ഗുരുദർശനങ്ങളിൽ ആഴത്തിലുള്ള ജ്ഞാനമുണ്ട്. ഗുരുധർമ്മ പ്രചാരണത്തിനായിരിക്കും ധർമ്മസംഘം മുഖ്യപരിഗണന നൽകുകയെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ അതു പ്രതിഫലിക്കുന്നു. ആഗോളതലത്തിൽ ശിവഗിരി മഠത്തിന് ലഭിക്കുന്ന അംഗീകാരം മനസിലാക്കി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ ശേഷം സ്വാമി ഋതംഭരാനന്ദ വ്യക്തമാക്കി.
2019ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച സന്യാസിശ്രേഷ്ഠനാണ് സ്വാമി വിശുദ്ധാനന്ദ. 1984ൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്നു. 2016ൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1968ൽ ശിവഗിരിയിൽ വിദ്യാർത്ഥിയായെത്തിയ അദ്ദേഹം 1974ൽ സന്യാസദീക്ഷ സ്വീകരിച്ചു. ഗുരുദർശന പണ്ഡിതൻ, പ്രഭാഷകൻ, സംഘാടകൻ എന്നീ നിലകളിൽ പ്രശസ്തനായ സ്വാമി വിശുദ്ധാനന്ദയുടെ കർമ്മതേജസ് ശിവഗിരിക്ക് ഏറെ പ്രയോജനപ്പെടും. ജാതിമത ഭേദമന്യേ മഠത്തോട് ചേർന്നുനിൽക്കുന്ന ജനങ്ങളോടുള്ള പ്രതിബദ്ധത പുതിയ ഭരണസമിതി നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുദേവന്റെ തപോഭൂമിയായിരുന്ന മരുത്വാമലയെ ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി വികസിപ്പിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു.
1988ൽ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെത്തിയ സ്വാമി ശാരദാനന്ദ 1995ൽ സ്വാമി പ്രകാശാനന്ദയിൽ നിന്നാണ് സന്യാസദീക്ഷ സ്വീകരിച്ചത്. ഗുരുദർശന സംബന്ധിയായ നിരവധി കൃതികൾ രചിച്ച അദ്ദേഹം 2016മുതൽ ട്രഷറർ പദവി വഹിക്കുന്നു. ഇത്, അതേ പദവിയിലുള്ള അദ്ദേഹത്തിന്റെ മൂന്നാമൂഴമാണ്. ഗുരുദേവദർശനങ്ങൾ പല രീതിയിൽ പ്രചരിപ്പിക്കുന്നത് ജീവിതനിയോഗമായി കരുതുന്നവരാണ് ധർമ്മസംഘം ട്രസ്റ്റിലെ എല്ലാവരും. അവരെയെല്ലാം ഒരുമിച്ച് ഗുരുദേവൻ വിഭാവനം ചെയ്ത സ്നേഹമതത്തിലേക്കും ഏകതയിലേക്കും നയിക്കാനുള്ള അനുഭവസമ്പത്തുള്ളവരാണ് ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ സാരഥികൾ. അരുവിപ്പുറം പ്രതിഷ്ഠാവേളയിലും ലോകമത സമ്മേളന വേദിയിലും വിയോജിപ്പുള്ളവരെയും ഉൾക്കൊള്ളാനുള്ള വിശാല ചിന്തയും മനോഭാവവുമാണ് ഗുരുദേവൻ പ്രകടിപ്പിച്ചത്. ആ പാതയിലൂടെ നീങ്ങി ഗുരുദേവൻ ലക്ഷ്യം വച്ച സർവമത സാഹോദര്യത്തിലേക്ക് ഭാരതത്തെ നയിക്കാൻ പുതിയ സാരഥികൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |