SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

ഐ.ടി വിപ്ലവത്തിന്റെ 35 വർഷം, സ്വപ്നച്ചിറകു വിരിച്ച് ടെക്‌നോപാർക്ക്

k

ഐ.ടി എന്ന വാക്കു പോലും ആഡംബരമായിരുന്ന കാലം. സിലിക്കൺ വാലിയുടെ ചിറകിൽ ആപ്പിളും ഗൂഗിളും ഫേസ്‌ബുക്കുമൊക്കെ പറന്നുയർന്നപ്പോൾ കേരളത്തിൽ സമാനമായൊരു സ്വപ്നത്തിന് വിത്തുപാകാൻ അന്നത്തെ ഇ.കെ. നായനാർ സർക്കാർ തീരുമാനിച്ചു. സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. അയ്യായിരം പേർക്കെങ്കിലും തൊഴിൽ നൽകാനാകണം. ലക്ഷ്യങ്ങൾ ചെറുതായിരുന്നില്ല. പ്രതിസന്ധികൾ തരണം ചെയ്യാൻ ഊർജ്ജസ്വലരായ യുവതയും നൈപുണ്യമുള്ള നേതൃനിരയും കൈകോർത്തപ്പോൾ രാജ്യത്തെ തന്നെ ആദ്യ ഐ.ടി പാർക്ക് തലസ്ഥാനത്ത് പച്ചപിടിച്ചു. പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് അവസരങ്ങൾ. ടെക്ക് ഭീമന്മാരുൾപ്പെടെ അഞ്ഞൂറോളം കമ്പനികൾ. ഐ.ടി വിപ്ലവത്തിന് തിരികൊളുത്തിയ ടെക്നോപാർക്ക് 35-ാം വർഷത്തിലേയ്ക്ക് കടക്കുന്ന വേളയിൽ ടെക്നോപാർക്ക് സി.ഇ.ഒ കേണൽ (റിട്ട)സഞ്ജീവ് നായർ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

? സി.ഇ.ഒ റോളിൽ രണ്ടുവർഷത്തെ അനുഭവം.

 തുടക്കകാലം മുതൽ ടെക്നോപാർക്ക് ഉയർന്ന ബെഞ്ച്മാർക്കിലാണ് പ്രവർത്തിക്കുന്നത്. കർമ്മനിരതരായ പ്രൊഫഷണലുകൾ ടെക്നോപാർക്കിലെ സംവിധാനങ്ങൾ കാര്യക്ഷമമാക്കി. അതെനിക്ക് അനുഗ്രഹമായി. പുറത്ത് പഠിച്ചുവളർന്ന ഞാൻ ഇവിടെയെത്തിയ ശേഷമാണ് കേരളത്തെക്കുറിച്ച് പലതും മനസിലാക്കുന്നത്. ഏറ്റവുമധികം പരിണാമം സംഭവിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സൈന്യത്തിൽ 'കൺട്രി ഫസ്റ്റ്"എന്നു പറയാറുണ്ട്. രാജ്യമാണ് എല്ലാത്തിനെക്കാളും മുകളിൽ. അതിൽ താഴെയൊന്നും ചിന്തിക്കാൻ പാടില്ല. അതുപോലെ തന്നെയാണ് കേരളം. സേനയിൽ അതിനിർണായക സാഹചര്യങ്ങളിൽപ്പോലും തീരുമാനങ്ങളെടുത്തിട്ടുണ്ട്. അത് സി.ഇ.ഒ റോളിലും ഗുണകരമായി.

?​ ടെക്നോപാർക്ക് എന്നാൽ ഐ.ടി കമ്പനികൾ മാത്രമാണെന്ന ധാരണ മാറിയത് അടുത്തിടെയാണല്ലോ.

 ടെക്നോപാർക്കിന് വലിയൊരു പൈതൃകമുണ്ട്. നിരവധി വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞ വലിയൊരു പ്രക്രിയയാണ് ഈ മാറ്റം. കേരള സ്റ്രാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, കെ സ്പേസ്, ഐ.സി.ടി അക്കാഡമി തുടങ്ങിയവ ടെക്‌നോപാർക്കിന്റെ ആവാസവ്യവസ്ഥയ്ക്കുള്ളിൽ പ്രവർത്തിക്കുന്നു. ഐ.ടി പാർക്ക് എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല; അതിനൊരു ജീവനുണ്ട്. ഫിൻടെക്ക്, അഗ്രിടെക്ക്, എഡ്ടെക്ക്, ഓട്ടോമൊബൈൽ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. നിരവധി ആവാസവ്യവസ്ഥകൾക്ക് പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്ന ഡിജിറ്റൽ ആവാസവ്യവസ്ഥയാണ് ടെക്നോപാർക്ക് എന്നു പറയാം.

?​ അടുത്തിടെ ടാൻസാനിയൻ സംഘം ടെക്നോപാർക്ക് സന്ദർശിച്ചിരുന്നല്ലോ... വിദേശ രാജ്യങ്ങളെ ആകർഷിക്കുന്നതിലെ വിജയമന്ത്രം.

വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിനിധിസംഘം ടെക്നോപാർക്ക് സന്ദർശിക്കാറുണ്ട്. സാധാരണ കണ്ടുവരാറുള്ള ഐ.ടി പാർക്കുകൾ പോലെയല്ല ടെക്നോപാർക്ക് എന്നാണ് അവരൊക്കെ പറയുന്നത്. പ്രകൃതിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കഴിവുള്ള മനുഷ്യരുടെയും അപൂർവമായൊരു സങ്കലനഭൂമിയാണിത്. രാജ്യത്തെ ഏറ്റവും ഹരിതാഭമായ ടെക്നോപാർക്കാണിത്. മികച്ച സാമൂഹിക ഘടന,സ‌ർഗാത്മകതയുള്ള ആളുകൾ, മാനവവികസന സൂചികയിലെ മുന്നേറ്റം, ഉയർന്ന സാക്ഷരത... അഭിമാനകരമാണ് കേരളത്തിന്റെ നേട്ടങ്ങൾ.

കമ്പനികൾ ടയർ1 (മെട്രോ) നഗരങ്ങളിൽ നിന്ന് തിരുവനന്തപുരം പോലുള്ള ടയർ 2 നഗരങ്ങളിലേയ്ക്ക് ചേക്കേറുന്ന സാഹചര്യമാണ് ഇപ്പോൾ. ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും മുൻപ് അനുര കുമാര ദിസനായകെ ടെക്നോപാ‌ർക്ക് സന്ദർശിച്ചിരുന്നു. ടെക്നോപാർക്കിന്റെ മാതൃക അദ്ദേഹത്തെയും ആകർഷിച്ചു. സംസ്ഥാനത്തെ എൻവയൺമെന്റ് സോഷ്യൽ ഗവേണൻസിലെ (ഇ.എസ്.ജി) മികവ് ടെക്നോപാർക്കിന് മുതൽക്കൂട്ടാണ്.

?​ സർക്കാരിന്റെ പിന്തുണ.

മികച്ച പിന്തുണയാണ്. സർക്കാർ മേഖലയിൽ ഐ.ടി പാർക്ക് എന്ന ആശയം കൊണ്ടുവന്നതു തന്നെ കേരളമാണ്. ടെക്നോപാ‌ർക്ക് തുടങ്ങിയ കാലം മുതൽ സർക്കാരിന്റെ നിക്ഷേപമാണ് ഏറ്റവും കൂടുതൽ.

?​ കൊല്ലത്തെ സാറ്റലൈറ്റ് പാർക്കിലെ വർക്കേഷൻ മോഡലിനെക്കുറിച്ച്.

ജോലിയും ഒഴിവുകാലവും സംയോജിപ്പിക്കുന്നതാണ് വർക്കേഷൻ (വർക്കിംഗ്- വെക്കേഷൻ)മോഡൽ. ശാന്തമായ ഇടങ്ങളിൽ ഇരിക്കുമ്പോഴാണല്ലോ പുതുമയുള്ള ആശയങ്ങളുദിക്കുന്നത്. ജോലിക്കും വിനോദത്തിനും ഒരേസ്ഥലം ലഭ്യമാകുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് അതിന് ശ്രമിക്കുന്നത്. ടെക്‌നോപാ‌ർക്കിന്റെ ആദ്യ നാലു ഫേസുകൾ തിരുവനന്തപുരത്താണ്. അഞ്ചാമത്തെ ഫേസാണ് കൊല്ലത്തെ സാറ്റലൈറ്റ് പാർക്ക്. അഷ്ടമുടിക്കായലിന്റെ തീരത്ത് അതിമനോഹരമായ ഇടമാണത്. നിലവിൽ ഒരു കെട്ടിടം മാത്രമാണുള്ളത്. വിനോദസഞ്ചാര വകുപ്പുമായി ചേർന്ന് ചർച്ച നടത്തി ഒരു പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോൾ ഫണ്ടുകൾ നോക്കുകയാണ്.

?​ ക്വാഡ് ടൗൺഷിപ്പ് പദ്ധതിയുടെ അവസ്ഥ.

ടെക്നോപാ‌ർക്കിലെ ഫേസ്- 4, അതായത് 'ടെക്‌നോസിറ്റി"യിലാണ് ഷോപ്പിംഗ് കേന്ദ്രങ്ങൾ, ആശുപത്രികൾ പാർപ്പിട സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് മിനി ടൗൺഷിപ്പ് പദ്ധതി വരുന്നത്. പേരുപോലെ തന്നെ നാലു കെട്ടിടങ്ങളുടെ കൂട്ടമാണ് ക്വാഡ്. രണ്ട് ഐ.ടി കെട്ടിടങ്ങൾ, ഒരു റസിഡൻഷ്യൽ കെട്ടിടം, ഒരു കൊമേഴ്ഷ്യൽ കെട്ടിടം. 8.5 ലക്ഷം ചതുരശ്ര അടിയിലുള്ള ആദ്യ കെട്ടിടം ടെക്നോപാർക്കാണ് നിർമ്മിക്കേണ്ടത്.അതിനായി ഒരു പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ കണ്ടെത്തിയിട്ടുണ്ട്. മാർച്ചോടെ ആദ്യ കെട്ടിടത്തിനായുള്ള ടെൻഡർ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ. ടെക്നോപാർക്കാണ് ഫണ്ടിംഗ് ചെയ്യുന്നത്. മൂന്നുവർഷത്തിനുള്ളിൽ ആദ്യ കെട്ടിടം പൂർത്തിയാകും.

?​ ഫേസ്- 4 അവസരങ്ങളുടെ പറുദീസയാകുമോ.

ഫേസ്- 4 ഒരു എമേർജിംഗ് ടെക്നോളജി ഹബ്ബാണ്. സാങ്കേതിക സർവകലാശാല അവിടെയാണ് പ്രവർത്തിക്കുന്നത്. ടി.സി.എസിന്റെ ഐ.ടി ഡിജിറ്റൽ ആൻഡ് റിസർച്ച് ഹബ്ബിന്റെ പ്രവർത്തനം നടക്കുന്നു. സൺടെക്കിന്റെ കെട്ടിടമുണ്ട്. തദ്ദേശ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരളത്തിന്റെ ആദ്യ 'യൂണിറ്റി മാൾ" വരുന്നത് ഇവിടെയാണ്. സ്പേസ്‌പാർക്കും അവിടെയാണ് വരുന്നത്. സർവകലാശാല മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരെ എല്ലാം അവിടെയുണ്ട്.

?​ ജീവനക്കാരുടെ ക്ഷേമവും പ്രധാനമാണല്ലോ...

 പാർക്ക് എന്നാൽ ഇൻഫ്രാ, ഇക്കോളജി, മനുഷ്യർ എന്നീ മൂന്ന് ഘടകങ്ങളുടെ കൂടിച്ചേരലാണ്. കൊവിഡിനു ശേഷം ബാക്ക് ടു ക്യാംപസ് ഇനിഷ്യേറ്റീവിന് ശക്തിപകർന്ന് ചടുലമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാൻ ജീവനക്കാരുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. മാരത്തോൺ, ക്രിക്കറ്റ് മാച്ച്, സാംസ്കാരിക പരിപാടികൾ, വർക്ക്ഷോപ്പ് എന്നിവ ഇടയ്ക്കിടെ നടത്താറുണ്ട്. ടെക്നോപാർക്കിൽ നാലപത്തിയഞ്ച് ശതമാനം ജീവനക്കാർ സ്ത്രീകളാണ്. അവരുടെ കുട്ടികൾക്കായി ക്രഷ്,​ കിന്റർഗാർട്ടൻ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിക്കാൻ നിഷ്, ഡി.എ.സി തുടങ്ങിയ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നു.

?​ ബഡ്ജറ്റിലെ ഐ.ടി പ്രതീക്ഷകൾ.

ഇപ്പോൾ സുസ്ഥിര മാതൃകയിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. ടെക്നോപാർക്കിൽ നിന്ന് ലഭിക്കുന്നതെല്ലാം ഇതിലേക്കു തന്നെയാണ് നിക്ഷേപിക്കുന്നത്. ബാക്കി കാര്യങ്ങൾ ബഡ്ജറ്റ് പ്രഖ്യാപനത്തിനു ശേഷമേ അറിയാനാവൂ.

?​ ഐ.ടി കമ്പനികളെ ഇപ്പോഴും ഐ.ടി വ്യവസായമായി കണക്കാക്കിയിട്ടില്ലല്ലോ.

ഐ.ടി ഇൻഡസ്ട്രി എന്നൊന്നില്ല. ഇപ്പോഴും ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിനു കീഴിലാണ് കമ്പനികൾ വരുന്നത്. അതു മാറ്റി ഐ.ടി ഇൻഡസ്ട്രി എന്ന നാമകരണം കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണ്.

?​ ആറ്റിങ്ങലിൽ ടെക്നോപാർക്ക് ഫേസ്- 6.

അത് ടെക്നോപാർക്കിന്റെ പദ്ധതിയല്ല. ആറ്റിങ്ങലിലെ ഒരു കൂട്ടായ്മയാണ് അത്തരമൊരു ആവശ്യം ഉന്നയിച്ചത്. നിലവിൽ ഫേസ് ഒന്നിലും രണ്ടിലും സ്ഥലമില്ല. ഫേസ് 3-ൽ പത്ത് ഏക്കറിൽ കൂടുതലുണ്ട്. ഫേസ്- 4ൽ 390 ഏക്കറിൽ 110 ഏക്കർ ബാക്കിയുണ്ട്. അവിടേയ്ക്ക് കോ- ഡെവലപ്പേഴ്സിനെ എത്തിക്കുന്നതാണ് ലക്ഷ്യം. അത് എൺപത് ശതമാനം പൂർത്തിയായിട്ടേ സ‌ർവേ ചെയ്ത് വേറെ ഫേസിന് സ്ഥലം നോക്കൂ.

?​ പുതുവർഷത്തിലെ പ്രതീക്ഷകൾ.

2025-ൽ നടക്കുന്നതെല്ലാം 35 വർഷങ്ങളായി നടക്കുന്നതിന്റെ തുടർച്ചയാണ്. ക്വാഡിന്റെ ആദ്യ കെട്ടിടം ഈ വർഷം പ്രതീക്ഷിക്കുന്നു. പാർക്കിൽ വേൾഡ് ട്രേഡ് സെന്റർ തുടങ്ങുന്നതിന് ബ്രിഗേഡ് എന്റർപ്രൈസസുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലെത്തിക്കാനാവും. ഫേസ് 4-ൽ ഭവന,​ നഗരകാര്യ മന്ത്രാലയം ഐ.ടി ടൗൺഷിപ്പ് പ്രോജക്ടായ നിയോപൊളിസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഐ.ടി വികസനത്തിനൊപ്പം പാർപ്പിട സമുച്ചയങ്ങൾ, ഫൈവ്സ്റ്റാർ ഹോട്ടലുകൾ എന്നിവ ഉയരും. തിരുവനന്തപുരം തന്ത്രപ്രധാനമായ നഗരമാണ്. ഐ.എസ്.ആർ.ഒയുടെയുടെ ബഹിരാകാശ പദ്ധതികളും പ്രതിരോധ മേഖലയുടെ സാന്നിദ്ധ്യവും വിഴിഞ്ഞം പദ്ധതിയും തലസ്ഥാനത്തിന് പൊൻതൂവലാണ്. ഇതെല്ലാംകൊണ്ട് കൂടുതൽ നിക്ഷേപകരെ പ്രതീക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION