SignIn
Kerala Kaumudi Online
Friday, 26 June 2026 2.54 PM IST

കാട്ടാനകൾ കൃഷി നശിപ്പിക്കാതിരിക്കാൻ കർഷകർ പ്രാർത്ഥിക്കുന്ന ദൈവം, 'ആനശാസ്‌താ'വിന്റെ ക്ഷേത്രത്തെക്കുറിച്ച് അറിയാം

aanasastha-temple

നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരത്തിനായി ജനങ്ങൾ പ്രാർത്ഥിക്കുന്ന വിവിധതരം ദേവതാ ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇവിടങ്ങളിൽ ദർശനം നടത്തുകയോ വഴിപാട് നേരുകയോ ചെയ്‌താൽ ഫലസിദ്ധി ഉണ്ടാകുമെന്ന് വിശ്വാസം. നമ്മുടെ നാട്ടിലെ കർഷകർ ഇന്നും നേരിടുന്ന പ്രധാന പ്രശ്‌‌നമാണ് വന്യമൃഗ ശല്യം. പന്നിയും മയിലും മാനും പോലുള്ളവ വിളകൾ നശിപ്പിക്കുമ്പോൾ കടുവ, പുലി മുതലായ ജീവികൾ അവരുടെ വളർത്തുമൃഗങ്ങളെ ആഹാരമാക്കുന്നു. കാട്ടാനകളാകട്ടെ ഇവ രണ്ടിനും ആപത്ത് വരുത്താറുണ്ട്.

കൃഷിക്ക് ആപത്ത് വരുത്തുന്ന കാട്ടാനകളിൽ നിന്നും രക്ഷനേടാൻ ആനപ്പുറത്തിരുന്ന് വരുന്ന ദേവനായ ആനശാസ്‌താവിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്. തിരുവനന്തപുരത്തിന് സമീപം ഇന്നത്തെ തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിലെ പദ്‌മനാഭപുരത്താണ് ഈ ക്ഷേത്രം. പണ്ടത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ പദ്‌മനാഭപുരത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. അഞ്ഞൂറിലേറെ വർഷം പഴക്കം ഇതിനുണ്ടെന്ന് കരുതുന്നു.

തൊട്ടടുത്തുള്ള വേളിമലയിൽ നിന്നും കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇത് തടയാൻ ശാസ്‌താവിനെ ആനപ്പുറത്തിരിക്കുന്ന രൂപത്തിൽ പ്രദേശത്തെ കർഷകർ ആരാധിച്ചുതുടങ്ങി. കാലങ്ങൾ കഴിഞ്ഞ് ഒരിക്കൽ മാർത്താണ്ഡവർമ്മ സ്വപ്‌നത്തിൽ ആനകളെ കണ്ടു. ഇതോടെ ശാസ്‌താവിനെ ക്ഷേത്രത്തിൽ എത്തി ദർശിച്ച അദ്ദേഹം മേനിക്കല്ലിൽ തീർത്ത1008 ആനകളെ സമർപ്പിച്ചു. ഈ കല്ലാനകളിൽ ഓരോന്നിനും പ്രത്യേക രൂപവും വലിപ്പവുമാണ് ശരിക്കും സാധാരണ കാണുന്ന ആനകളെപ്പോലെ തന്നെ.

ക്ഷേത്രത്തിൽ നാലുപാടും നിരവധി ആനകളെ ഇപ്പോഴും കാണാം. ഏറെ ശിൽപങ്ങൾ നശിച്ചെങ്കിലും നാന്നൂറിലധികം ആനശിൽപങ്ങൾ ഇപ്പോഴുമുണ്ട്. ഭൂതത്താൻ,​ മാടൻതമ്പുരാൻ,​ നാഗർ എന്നിവർ ഉപദേവതകളാണ്. പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ ചാരോടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനകവാടത്തിൽ തമിഴിലും മലയാളത്തിലും ബോർഡുകൾ കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, AANA SASTHA, PADMANABHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL