ചണ്ഡീഗഢ്: കുടുംബപ്രശ്നം കാരണം പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ തീക്കൊളുത്തിക്കൊന്ന് ഭാര്യാ സഹോദരൻ. ലവ്പ്രീത് സിംഗാണ് മരിച്ചത്. തർക്കത്തിനിടെ ലവ്പ്രീതിനെ പിടിച്ചുമാറ്റാനെത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗുർജിത് കൗർ എന്ന യുവതിയും മരിച്ചു.
പഞ്ചാബിലെ തൺ തരൻ ജില്ലയിൽ ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലവ്പ്രീത് സിംഗുമായുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ സന്ദീപ് കൗർ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇവരെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു ലവ്പ്രീത് സിംഗ്. ഇതിനിടെ വീണ്ടും തർക്കമുണ്ടായി. സംസാരത്തിനിടെ യുവതിയുടെ സഹോദരൻ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്തേയ്ക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ലവ്പ്രീതിനെ പിടിച്ചുമാറ്റാൻ എത്തിയ ഭാര്യയുടെ അനുജത്തി ഗുർജിത് കൗറിനും ഗുരുതരമായി പൊളളലേറ്റിരുന്നു. ലവ്പ്രീതിനെയും ഗുര്‍ജിത്തിനെയും നാട്ടുകാര്‍ ചേര്‍ന്ന് ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ലവ്പ്രീതിന് ജീവന്‍ നഷ്ടമായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുര്‍ജിത്തും ദിവസങ്ങൾക്കകം മരണത്തിന് കീഴടങ്ങി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ ഒരാൾ പെട്ടെന്ന് മറ്റൊരാളുടെ മേൽ തീകൊളുത്തുന്നതും തീ പടർന്ന് പിടിക്കുന്നതും കാണാം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് സജന്‍ സിംഗിനെയും ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |