SignIn
Kerala Kaumudi Online
Saturday, 20 June 2026 10.36 AM IST

യശ്വന്ത്പൂർ - കണ്ണൂർ എക്‌സ്‌പ്രസിൽ വൻ കവർച്ച: ഇരയായതിൽ ഏറെയും മലയാളികൾ

READ ENGLISH VERSION
train

സേലം: യശ്വന്ത്പൂർ- കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ വൻ കവർച്ച. ഇരുപതോളം മലയാളി യാത്രക്കാരുടെ ആഭരണങ്ങളും പണവും ഫോണുകളും ഉൾപ്പടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. എസി കോച്ചുകളിൽ സേലത്തിനും ധർമ്മപുരിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്.

വിലപിടിച്ച വസ്തുക്കൾ കവർന്നശേഷം യാത്രക്കാരുടെ ബാഗുകൾ ടോയ്‌ലറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ടാേയ്‌ലറ്റിൽ പോയ ചില യാത്രക്കാർ വേസ്റ്റ് ബിന്നിൽ ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് കവർച്ച നടന്നത്. അതിനാൽ ആരുംതന്നെ മോഷ്ടാക്കളെ കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ചിലരുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പണംവരെ കവർന്നിട്ടുണ്ട്.

സേലം കേന്ദ്രീകരിച്ചുള്ള കവർച്ചാസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് റെയിൽവേ പൊലീസ് സംശയിക്കുന്നത്. മോഷ്ടിക്കപ്പെട്ട ഐ ഫോൺ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. യാത്രക്കാരുടെ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടവരാണ് മോഷണത്തിനിരയായവരിൽ കൂടുതൽ. അവധിയായതിനാൽ കൂടുതൽ യാത്രക്കാർ ഉണ്ടാവുമെന്ന് മനസിലാക്കിയായിരിക്കാം മോഷ്ടാക്കൾ എത്തിയതെന്നാണ് കരുതുന്നത്.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം പ്രദേശങ്ങളിലെ തിരുട്ടുഗ്രാമം കേന്ദ്രീകരിച്ച് വൻ മോഷണ സംഘങ്ങളാണ് വിലസുന്നത്. ഇവിടെനിന്നുള്ള ചിലർ കേരളത്തിൽ സംഘംചേർന്ന് മോഷണം നടത്തുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കായികശേഷിയുള്ളവരാണ് മോഷ്ടാക്കൾ. അടിവസ്ത്രവും മുഖംമൂടിയും മാത്രം ധരിച്ചാണ് സംഘത്തിന്റെ വരവ്. മോഷണശ്രമം എതിർക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കും. ഒരേ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കയറുന്നതാണ് സംഘത്തിന്റെ രീതി. പകൽ സമയം വിൽപ്പനക്കാരായും ആക്രിപെറുക്കുകാരായും എത്തുന്ന ഇവർ രാത്രിയിലാണ് മോഷണത്തിനെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ROBBERY, KANNUR YESVANTPUR EXPRESS, PASSENGERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY