
കൊച്ചി: ബി.ഐ.എസ് മുദ്രയില്ലാതെ വില്‍പ്പനയ്ക്കു സൂക്ഷിച്ച 75 ലക്ഷം രൂപ വിലമതിക്കുന്ന ഐ ഫോണുകള്‍ ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) മലപ്പുറത്തും കൊച്ചിയിലും പിടികൂടി. ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതിയില്ലാത്ത ഐ ഫോണുകള്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പനയ്ക്കുവച്ച വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.
കൊച്ചി കടവന്ത്ര സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ഹെലോ സ്റ്റോറില്‍ നിന്ന് 30 ഐ ഫോണുകളാണ് പിടിച്ചെടുത്തത്. മലപ്പുറം കൊണ്ടോട്ടിയിലെ ഹെലോ സ്റ്റോര്‍, കോട്ടയ്ക്കലിലെ ഐ.എം സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് 40 എണ്ണവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഫോണുകള്‍ വിദേശ വിപണികളില്‍ നിന്ന് വാങ്ങിയതാണെന്നും ഇന്ത്യന്‍ വിപണിക്കായി നിര്‍മ്മിച്ചതല്ലെന്നും ബി.ഐ.എസ് അധികൃതര്‍ പറഞ്ഞു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഗുഡ്സ് (കംപള്‍സറി രജിസ്ട്രേഷന്‍) ഉത്തരവ് 2021 പ്രകാരമുള്ള രജിസ്ട്രേഷന്‍ നേടിയിട്ടുമില്ല. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പനയും വിതരണവും നിയമലംഘനമാണ്.
ബി.ഐ.എസ് കൊച്ചി ഓഫീസിലെ ജോയിന്റ് ഡയറക്ടര്‍ സച്ചിന്‍ എസ്. മേനോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കുശാഗ്ര ജിന്‍ഡാല്‍, സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അര്‍ഷിയ സി. റോയ് എന്നിവരുടെ നേതൃത്വത്തിലയിരുന്നു റെയ്ഡ്. ഉത്പന്നങ്ങളുടെ ആധികാരിതക ബി.ഐ.എസ് കെയര്‍ ആപ്പില്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പരില്‍ ഉപഭോക്താക്കള്‍ക്ക് പരിശോധിച്ച് ഉറപ്പാക്കാമെന്ന് കൊച്ചി ഓഫീസിലെ ഡയറക്ടര്‍ നരേന്ദര്‍ റെഡ്ഢി ബീസു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |