
ന്യൂഡൽഹി: വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ ഡോക്‌ടർ അറസ്റ്റിൽ. തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് നഗർ പ്രദേശത്താണ് കൊലപാതകം നടന്നത്. 45 കാരിയായ മീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡെർമസ്റ്റോളജിസ്റ്റായ ഡോ മനീഷ് ഗുപ്‌ത (50) പൊലീസിനോട് കുറ്റം സമ്മതിച്ചു. യുവതിയെ ബാറ്റുപയോഗിച്ച് ആക്രമിച്ചതിനുപിന്നാലെ കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പ്രതിയുടെ മൊഴി.
കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് കെട്ടിടത്തിന്റെ ടെറസിൽ ഒരു സ്‌ത്രീ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഗുപ്‌ത മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഹേമന്ത് തിവാരി വ്യക്തമാക്കി. ബ്ലാക്ക് മാജിക്കിനിടയിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്ന തരത്തിൽ ആദ്യം സംശയിച്ചിരുന്നെങ്കിലും അതിനെ സാധൂകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഗുപ്‌തയുടെ വീട്ടിൽ വളരെ കാലമായി ജോലിചെയ്‌തിരുന്ന ആളാണ് മീന. എന്നാൽ, ഇവരെ വീട്ടുജോലിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഗുപ്‌ത തന്റെ ഭാര്യയുമായി തർക്കിച്ചിരുന്നതായാണ് വിവരം. ഗുപ്‌തയുടെ കാൻസർ രോഗിയായ അമ്മയെ പരിചരിച്ചിരുന്നത് മീനയാണെന്നത് ചൂണ്ടിക്കാട്ടി ഭാര്യ ഈ തീരുമാനത്തെ എതിർത്തു. കൊലപാതകത്തിന് തൊട്ടുമുമ്പ് മീനയും ഗുപ്‌തയും തമ്മിൽ തർക്കം നടന്നതായും പോലീസ് സംശയിക്കുന്നു.
ഗുപ്‌ത പത്ത് വർഷത്തോളമായി വിഷാദരോഗത്തിനും ഒബ്‌സസീവ്-കംപൾസീവ് ഡിസോർഡർ (ഒസിഡി) യ്ക്കും ചികിത്സയിലാണെന്നും വിഷാദരോഗ വിരുദ്ധ മരുന്നുകൾ കഴിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു ക്രിക്കറ്റ് ബാറ്റും രക്തം പുരണ്ട കത്തിയും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |