
ജയ്‌പൂർ: നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരി (19) ആണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. 4,000 രൂപ വീതമാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പ്രതി ഈടാക്കിയിരുന്നത്.
ഡൽഹിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ശേഷം ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 21ന് നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെയാണ് സംഭവം. 'പേപ്പർ മാഫിയ' എന്ന ടെലഗ്രാം ചാനലിലൂടെയാണ് വ്യാജ ചോദ്യപ്പേപ്പർ വിൽപ്പന നടന്നത്. 52പേരാണ് ടെലഗ്രാം ചാനലിൽ ഉണ്ടായിരുന്നത്. ക്യൂ ആർ കോഡിലൂടെയാണ് പണം സ്വീകരിച്ചിരുന്നത്.
ജയ്‌പൂരിൽ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു ആകാശ് ചൗധരി. നീറ്റ് പരീക്ഷ പരിശീലന പുസ്‌തകത്തിൽ നിന്നുള്ള ചോദ്യപ്പേപ്പറുകൾ സ്‌കാൻ ചെയ്‌താണ് യഥാർത്ഥ ചോദ്യപ്പേപ്പർ എന്ന വ്യാജേന വിൽപ്പന നടത്തിയിരുന്നത്. രണ്ട് ദിവസം മുമ്പാണ് പ്രതി ജയ്‌പൂരിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. ഐടി, പബ്ലിക് എക്‌സാമിനേഷൻ ആക്‌ടുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരിശോധനയിൽ മൊബൈൽ ഫോൺ, നീറ്റ് പഠന സാമഗ്രികൾ, വിവിധ രേഖകൾ തുടങ്ങിയവ കണ്ടെടുത്തു. ആകാശിന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ല ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |