SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.55 PM IST

'ഹാഷിം മകളെ കൊലപ്പെടുത്താൻ അപകടം സൃഷ്ടിച്ചതാണെന്ന് സംശയം'; പൊലീസിൽ പരാതിയുമായി പിതാവ്

accident

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി രണ്ട് പേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണ നടത്തണമെന്ന് പരാതി. അപടകത്തിൽ മരിച്ച അദ്ധ്യാപിക അനുജയുടെ പിതാവ് രവീന്ദ്രനാണ് നൂറനാട് പൊലീസിന് പരാതി നൽകിയത്. മകളെ കൊലപ്പെടുത്താൻ വേണ്ടി അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് സംശയങ്ങൾ ഉളളതുകൊണ്ടാണ് പരാതി നൽകിയതെന്ന് പിതാവ് പറഞ്ഞു.

അപകടത്തിൽ മരിച്ച അനുജയുടെ സുഹൃത്തായ ഹാഷിം മകളെ ഭീഷണിപ്പെടുത്തി ബലമായാണ് കുളക്കടയിൽ നിന്ന് കാറിൽ കയറ്റികൊണ്ടുപോയതെന്നും അമിതവേഗത്തിൽ യുവാവ് ലോറിക്ക് മുൻപിൽ കാർ ഓടിച്ചുകയറ്റി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും രവീന്ദ്രൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടുളള അന്വേഷണം നടക്കുന്നത് അടൂർ പൊലീസ് സ്റ്റേഷനിലാണ്. അതിനാൽ രവീന്ദ്രന്റെ പരാതി നൂറനാട് പൊലീസ് അടൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.അനുജയുടെയും ഹാഷീമിന്റെയും ഫോൺ കോളുകളും കൂടാതെ ഇരുവരും ബാങ്ക് ഇടപാടുകൾ നടത്തിയോയെന്നും വിശദമായി പരിശോധിച്ചുവരികയാണെന്ന് അടൂർ പൊലീസ് അറിയിച്ചു.

അതേസമയം, അപകടവുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാനക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്നും കഴിഞ്ഞ ദിവസം ഒഴിവാക്കി. മന:പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. കാർ ലോറിയിലേക്ക് മന:പൂർവം ഇടിച്ചുകയറ്റിയതാണെന്ന് മുൻപ് കണ്ടെത്തിയിരുന്നു. ഇതുപ്രകാരമായിരുന്നു നടപടി. ലോറി ഡ്രൈവറെ വിട്ടയച്ചു. കൂടാതെ വാഹനവും വിട്ടുകൊടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് അനുജയും ഹാഷിമും മരിച്ചത്. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്ന് പത്തനാപുരം ഭാഗത്തേക്ക് പോയ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

സ്കൂളിൽ നിന്ന് വിനോദയാത്രപോയി തിരികെ വരുമ്പോഴാണ് അനുജയെ ഹാഷിം കാറിൽ കയറ്റിയത്. അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന ബസിന് മുന്നിൽ കയറ്റി നിറുത്തിയ കാറിൽ നിന്നിറങ്ങിയ ഹാഷിം വിളിച്ചപ്പോൾ സഹോദരൻ വിഷ്ണു ആണെന്നുപറഞ്ഞാണ് അനുജ കാറിൽ ഒപ്പം കയറിയത്. എന്നാൽ ആദ്യം ഹാഷിം വിളിച്ചപ്പോൾ അനുജ ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. അനുജയുമായി കാർ അമിതവേഗത്തിൽ പാഞ്ഞപ്പോൾ മറ്റ് അദ്ധ്യാപകർക്ക് സംശയമായി. അവർ കാറിനെ പിന്തുടർന്നെങ്കിലും ഒപ്പമെത്താൽ സാധിച്ചില്ല.

തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ അനുജ കരയുകയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ അനുജ അദ്ധ്യാപകരെ തിരികെ വിളിച്ച് താൻ സുരക്ഷിതയാണെന്ന് പറഞ്ഞു. ചില അദ്ധ്യാപകർ അനുജയുടെ വീട്ടിൽ വിളിച്ച് അനുജൻ കൂട്ടിക്കൊണ്ടുപോയി എന്ന് അറിയിച്ചു. അങ്ങനെയൊരു സഹോദരൻ അനുജയ്ക്ക് ഇല്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ പരാതി നൽകാനായി അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് വാഹനാപകടം ഉണ്ടായെന്നും ഒരു പുരുഷനും സ്ത്രീയും മരിച്ചെന്നുമുള്ള വാർത്ത അറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE, ADOOR, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY