SignIn
Kerala Kaumudi Online
Thursday, 28 May 2026 12.30 AM IST

പ്രോജക്‌ട് സീറോ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അരലക്ഷം കൈക്കൂലി വാങ്ങാൻ ശ്രമിച്ച ഡിവൈ എസ് പി വിജിലൻസ് പിടിയിൽ

dysp-arrest

ആലപ്പുഴ: പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈ.എസ്.പി കൊല്ലം കുണ്ടറ പടപ്പക്കര സ്വദേശി ടി. അനിൽകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അഴിമതി തുടച്ചുനീക്കാൻ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം 'പ്രോജക്ട് സീറോ' പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജിലൻസ് കെണിയിൽ ഡിവൈ.എസ്.പി കുടുങ്ങിയത്. ഇന്നലെ വൈകിട്ട് നാലോടെ ചേർത്തല നഗരത്തിന് സമീപം തൈക്കൽ റൂട്ടിലെ വാടക വീട്ടിൽ നിന്നാണ് ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി പി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അഞ്ചുമാസം മുമ്പാണ് അനിൽകുമാർ ചേർത്തല ഡിവൈ.എസ്.പിയായി ചുമതലയേറ്റത്. കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കാൻ ചേർത്തല കേന്ദ്രീകരിച്ച് കക്കൂസ് മാലിന്യ ക്ളീനിംഗ് സ്ഥാപനം നടത്തുന്നയാളിൽ നിന്ന് 50,000 രൂപ വാടകവീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം എത്തിയത്. ഇവരെ കണ്ടയുടൻ വീടിന്റെ കതക് വലിച്ചടച്ചശേഷം ടെറസിൽ നിന്ന്ചാടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വീഴ്ചയിൽ കാലിന് പരിക്കേറ്റ അനിൽ കുമാറിനെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനും സ്ഥാപനത്തിന്റെ മറ്റ് വാഹനങ്ങൾ പിടികൂടാതിരിക്കാനും ഒരു ലക്ഷം രൂപ അഡ്വാൻസും 25,000 മാസപ്പടിയും ഡിവൈ.എസ്.പി ഉടമയോട് ആവശ്യപ്പെട്ടു. കുറച്ചുനാളായി 15,000 രൂപ മാസപ്പടി നൽകുന്ന സ്ഥാപന ഉടമ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നിർദ്ദേശ പ്രകാരം 50,000 രൂപ നൽകുന്നതിനിടെയാണ് പിടിയിലായത്.

നേരത്തെ ആലപ്പുഴയിൽ സ്‌പെഷ്യൽ ബ്രാഞ്ചിലുൾപ്പെടെ ജോലി ചെയ്തിരുന്ന അനിൽകുമാർ മുമ്പും നടപടികൾ നേരിട്ടിരുന്നു.അഴിമതി തുടച്ചുനീക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൊവ്വാഴ്ച വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പോരാട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ജില്ലയായ ആലപ്പുഴയിൽ നിന്ന് ക്രമസമാധാനച്ചുമതലയുള്ള ഡിവൈ.എസ്.പി പിടിയിലായത്. സി.ഐമാരായ പ്രശാന്ത്, ഷൈജു ഇബ്രാഹിം, പൊലീസുകാരായ വിമൽ,ഹാരിസ്, രഞ്ജിത്ത് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DYSP, BRIBE CASE, PROJECT ZERO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY