SignIn
Kerala Kaumudi Online
Sunday, 13 September 2026 10.45 PM IST

പാചകം കഴിഞ്ഞാൽ ജിബിയുടെ ഡ്യൂട്ടി അഞ്ഞൂറിന്റെ നോട്ടുകൾ ഇരുവശവും ഒട്ടിക്കൽ, നോട്ടടി സംഘത്തിൽ പാചകക്കാരൻ മുതൽ വിതരണക്കാരൻ വരെ!

fake-notes-

കൊച്ചി: കള്ളനോട്ടടി സംഘത്തിന് ഭക്ഷണം പാകം ചെയ്യലും വീട്ടുസാധനങ്ങൾ വാങ്ങാൻ വല്ലപ്പോഴും കടയിൽ പോകലുമായിരുന്നു തൃശൂർ പീച്ചി സ്വദേശി ജിബിയുടെ ചുമതല. തിരക്കൊഴിഞ്ഞാൽ നോട്ട് ഇരുവശവും ഒട്ടിക്കാനും കൂടും. പ്രിന്റിംഗും കട്ടിംഗിനുമെല്ലാം സുനിൽകുമാറിന്റെ നേതൃത്വത്തിലാണ്. കോട്ടയം കിളിരൂർ സ്വദേശി ഫൈസലിനും വണ്ടിപ്പെരിയാർ സ്വദേശികളായ സ്റ്റീഫനും ആനന്ദിനുമെല്ലാം നോട്ടുകൾ ഒട്ടിക്കുന്ന ഡ്യൂട്ടിയായിരുന്നു.

വ്യാജനോട്ട് കേസിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള റാന്നി സ്വദേശി മധുസൂദനനാണ് നോട്ടുവിതരണം കൈകാര്യം ചെയ്തിരുന്നത്. ഇയാളുടെ സഹായിയാണ് വണ്ടിപ്പെരിയാർ സ്വദേശി തങ്കമുത്തു. ഇരുവരും ചേർന്ന് മധുസൂദനന്റെ കാറിലാണ് നോട്ടുകൾ കടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്റെ ബോസുമായി ഉടക്കിയ സുനിൽകുമാർ അടുത്തിടെ തട്ടിക്കൂട്ടിയ ടീമാണെങ്കിലും കരുതലോടെയായിരുന്നു ഇവരുടെ ഓരോ നീക്കവും.

നാട്ടിലിറക്കി, പിടിയിലായി

ഒമ്പത് മാസത്തോളം സമീപവാസികളെ പോലും കബളിപ്പിച്ച് നോട്ടടിച്ചു. ഇലഞ്ഞിയിലെ കാർഷിക വ്യാപാര സ്ഥാപനത്തിൽ പണം നൽകി സാധനങ്ങൾ വാങ്ങിയതാണ് സംഘത്തിന് വിനയായത്. കൊവിഡ് വ്യാപനത്തെ തുടർന്ന് വ്യാപാരി നോട്ടിൽ സാനിറ്റൈസർ തേച്ചതോടെ നിറം ഇളകി. വ്യാപാരി നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്താകാൻ കാരണമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

മദ്ധ്യകേരളം കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി രഹസ്യവിവരം ലഭിച്ച ഇന്റലിജൻസ് ബ്യൂറോ ഏറെനാളായി എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇലഞ്ഞിയിൽ കള്ളനോട്ട് കണ്ടെത്തുന്നത്. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ കുടുക്കിയത്. സുനിൽകുമാർ ബംഗളൂരുവിലും നോട്ടടിച്ചിരുന്നതായി സൂചനയുണ്ട്.

വിപുലമായ സംവിധാനം

അഞ്ചു പ്രിന്ററുകളടക്കം വിപുലമായ സംവിധാനങ്ങളാണ് ഇരുനില വീട്ടിൽ നോട്ടടിക്കാൻ ഒരുക്കിയിരുന്നത്. കള്ളനോട്ട് പ്രിന്റു ചെയ്യുന്നതിനുള്ള പേപ്പർ എത്തിച്ചിരുന്നത് ഹൈദരാബാദിൽ നിന്നാണെന്ന് കണ്ടെത്തി. മഷിയും മറ്റും 'ഡാർക് വെബ്' വഴി ഓർഡർ ചെയ്ത് വരുത്തുകയായിരുവെന്നാണ് മൊഴി. കേസിൽ കൂടുതൽ കാര്യങ്ങൾ കണ്ടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

''പിടിച്ചെടുത്ത കറൻസികൾ ഒറ്റ നോട്ടത്തിൽ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ സാധിക്കാത്തവ ആയിരുന്നു. കൂടുതൽ പേർക്ക് ബന്ധമുണ്ടെന്ന് സംശയമുണ്ട്. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്''

മോഹൻദാസ്,

എസ്.എച്ച്.ഒ, കൂത്താട്ടുകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, FAKE CURRENCY, FAKE NOTES, COOK, DELIVERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY