
ശംഖുംമുഖം: യുവാക്കളെ തട്ടികൊണ്ടുപോയി മർദ്ദിച്ച് എഴുപതിനായിരം രൂപ വിലവരുന്ന ഐ ഫോൺ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. വെട്ടുകാട് ബാലനഗർ സ്വദേശി ജാക്സൺ ജെറോം (30)മാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. വെട്ടുകാട് സ്വദേശിയായ അനൂപ്,സുഹൃത്ത് ആകാശ് എന്നിവരെയാണ് വെട്ടുകാട് സ്വദേശികളായ ജാക്സൺ,അഖിൽ, ജോൺ എന്നിവർ ചേർന്ന് കാറിൽ തട്ടികൊണ്ടുപോയി മർദ്ദിച്ചത്. ശേഷം ആകാശിന്റെ കൈയിൽ നിന്ന് ഐഫോണും തട്ടിയെടുത്തു.
അനൂപ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പിന്റെ ഉടമ ജാക്സണും കൂട്ടുകാരും എം.ഡി.എം.എ കച്ചവടം ചെയ്യുന്ന വിവരം പൊലീസിനെ അറിയിച്ചതിലുള്ള വൈര്യാഗമാണ് ആക്രമണത്തിന് കാരണം. ജാക്സണിന്റെ കാറിൽ അനൂപും സുഹൃത്തും വെട്ടുകാട് പാർക്കിംഗ് ഏരിയായിൽ കിടക്കവെ, മൂന്നംഗ സംഘമെത്തി ഇവരെ ഇതേ കാറിൽ തട്ടികൊണ്ടുപോയി ആളൊഴിഞ്ഞ ഏരിയയിലെത്തിച്ച് മർദ്ദിച്ചശേഷം ഫോൺ തട്ടിയെടുത്ത് കാർ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. അനൂപ് നൽകിയ പരാതിയെതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജാക്സൺ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ജാക്സൺ എം.ഡി.എം.എ കേസിൽ മുൻകരുതലിന്റെ ഭാഗമായി ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടുത്തിടെയാണ് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |