
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥികളെ മർദ്ദിച്ച എട്ട് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 12 പേരെ മെഡിക്കൽ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്‌തു. 24ന് രാത്രി 11.15ന് കോളേജ് ഹോസ്റ്റലിന് മുന്നിൽ നടന്ന സംഭവത്തിൽ സുരക്ഷാ ജീവനക്കാരായ ബെൻസാം,പ്രശാന്ത്,സന്ദീപ് സനൽ,സന്ദീപ്,സാജൻ,റെജിൻ,ഷാജു,രതീഷ് എന്നിവർക്കെതിരെയും 4 വർക്ക്‌മാന്മാർക്ക് എതിരെയും വെള്ളറട പൊലീസ് കേസെടുത്തിരുന്നു.
ഹൗസ് സർജൻസി വിദ്യാർത്ഥികളായ ബെൻസ് സനു,സണ്ണി ചെറിയാൻ,സിദ്ധാർത്ഥ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവദിവസം പുറത്തുപോയ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ മടങ്ങിയെത്തിയപ്പോൾ വൈകിയെന്ന പേരിൽ സെക്യൂരിറ്റി ജീവനക്കാർ ഹോസ്റ്റൽ ഗേറ്റിനു മുന്നിൽ തടയുകയായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
സുരക്ഷാ ജീവനക്കാർ വിദ്യാർത്ഥികളെ കമ്പിപ്പാര ഉപയോഗിച്ച് മർദ്ദിച്ചെന്നും സംഭവം വീഡിയോയിൽ പകർത്തിയ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. പാറശാല സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥികളുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം വിദ്യാർത്ഥികൾ തങ്ങളെ മർദ്ദിച്ചെന്ന് കാട്ടി സുരക്ഷാജീവനക്കാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |