
പിടിച്ചെടുത്ത കഞ്ചാവിന് 43 ലക്ഷം രൂപയുടെ വിപണിമൂല്യം
തിരുവനന്തപുരം: തമിഴ്‌നാട് വഴി കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 87.59 കിലോ കഞ്ചാവ് റൂറൽ ഡാൻസാഫ് ടീം പിടികൂടി. ഇന്നലെ പുലർച്ചെ ഒന്നരയോടെ ആര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിന് സമീപത്തുവച്ചാണ് വൻ കഞ്ചാവ് വേട്ട നടത്തിയത്. തമിഴ്‍നാട് രജിസ്ട്രേഷനിലുള്ള കറുത്ത ഹോണ്ട സിറ്റി കാറിന്റെ ഡിക്കിക്കുള്ളിലെ രഹസ്യ അറയിൽ 40 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവിന് 43 ലക്ഷം രൂപയുടെ വിപണിമൂല്യമുണ്ട്.
കാറിലുണ്ടായിരുന്ന പൂഴനാട് പാക്കോട്ടുകോണം കുന്നനാട് അഖിൽ ഭവനിൽ അഖിൽ (32),വെള്ളറട അഞ്ചുമരംകാല മൈലക്കുന്ന് സുധീഷ് ഭവനിൽ സുധീഷ് (32) എന്നിവരെ കസ്റ്റഡിയിലെടുത്തു. ചെമ്പൂര് ചിലമ്പറ നെല്ലിക്കാപറമ്പിൽ ജോബി ഭവനിൽ ജോബി ജോസിന് (36) വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചതിനെ തുടർന്ന് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
7 എൻ.ഡി.പി.എസ് കേസുകൾ ഉൾപ്പടെ 13 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോബി ജോസ്. ലഹരിക്കടത്തുകേസിൽപ്പെട്ട് ജയിലിലായിരുന്ന ഇയാൾ ആറുമാസം മുൻപാണ് പുറത്തിറങ്ങിയത്.അഖിലിന് 2020ൽ തമിഴ്നാട് മധുരയിൽ 115 കിലോ കഞ്ചാവ് കടത്തിയതിന് കേസുണ്ട്. പ്രതികളെ കഴിഞ്ഞ മൂന്നാഴ്ചയായി ഡാൻസാഫ് ടീം നിരീക്ഷിച്ചുവരികയായിരുന്നു.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കെ.പ്രശാന്തൻകാണിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്‌കൂളുകൾ,കോളേജുകൾ എന്നിവ കേന്ദ്രീകരിച്ച് ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് അഡിഷണൽ എസ്.പി കെ.ജെ.ദിനിൽ പറഞ്ഞു.
തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി റോബർട്ട് ജോണിയുടെയും കാട്ടാക്കട ഡിവൈ.എസ്.പി ബിനുവിന്റെയും നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐ ഫയാസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |