
വിഴിഞ്ഞം: കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വ്യാജ രേഖ ചമച്ചെത്തിച്ച തമിഴ്‌നാട് ബോട്ട് പിടികൂടിയ കേസിൽ രണ്ടാമത്തെയാളും അറസ്‌റ്റിലായി. കേസിൽ വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി അന്തോണി ദാസനെ(40) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലായിരുന്ന ബോട്ടിന്റെ സ്രാങ്കും ഉടമയുമായ തമിഴ്‌നാട് സ്വദേശി സുസൈ മൈക്കിൾ(44) ന്റെ അറസ്‌റ്റാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് വിഴിഞ്ഞം തീരദേശ പൊലീസ് എസ്.ഐ കെ.ജി.പ്രസാദ് പറഞ്ഞു. വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷൻ മറൈൻ എൻഫോഴ്‌സ്മെന്റ് പട്രോളിംഗിനിടെയാണ് ബോട്ട് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒപ്പമുള്ള ചെറു വള്ളത്തിന് കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള അനുമതി പത്രം വ്യാജമായി നിർമിച്ചതായി കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ചെറിയ വള്ളത്തിന്റെ രജിസ്ട്രേഷൻ നമ്പർ മറ്റൊരു കട്ടമരത്തിന്റേതാണെന്ന് വ്യാജ രേഖയിൽ മുൻഫിഷറീസ് അസി.ഡയറക്ടറുടെ ഒപ്പും സീലുമാണ് പതിച്ചിരിക്കുന്നതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. വള്ളത്തിൽ നിറവ്യത്യാസവും കണ്ടെത്തി. പിന്നിൽ കൂടുതൽ പേർ ഉണ്ടാകാമെന്നും വിശദ അന്വേഷണം നടത്തുകയാണെന്നും തീരദേശ പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |