
ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് സമീപത്തെ വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയായ യുവാവിനെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അസം ദിബ്രുഗഡ് നഹർകട്ടിയ സ്വദേശിയായ രാധേശ്യാം ഗർഹ് (22) ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് അഡ്വ. റിപ്പിൽ ഹംസയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പരാതിക്കാരനും സുഹൃത്തും വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുകളിലെ ബെഡ് റൂമിൽ ഒരാൾ കിടന്നുറങ്ങുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ വീട്ടിൽ കയറി അലമാരകളും മറ്റും തുറന്ന് സാധനങ്ങൾ വലിച്ചുവാരി മോഷണം നടത്താൻ ശ്രമിച്ചതായി കണ്ടെത്തി. ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ ബാസിത്, എ.എസ്.ഐ വിജയൻ, സീനിയർ സി.പി.ഒ ഷിഹാബ്, സി.പി.ഒ രതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |