കൊച്ചി: ഡോക്ടറുടെ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ പ്രതികളെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അമ്പലങ്ങളും വീടുകളും കുത്തിത്തുറന്ന് കവർച്ച നടത്തുന്ന കൊല്ലം കുണ്ടറ ചന്ദനത്തോപ്പ് താഴതിൽ വീട്ടിൽ അമ്പലം പ്രസാദ് (62), കൂട്ടാളി തിരുവനന്തപുരം തവിയൂരിൽ താമസിക്കുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി സന്തോഷ് കുമാർ (ഹസ്സൻ സന്തോഷ് 54) എന്നിവരാണ് പിടിയിലായത്.
തൃക്കാക്കര വടക്ക് വടകോട് കങ്ങരപ്പള്ളി മെഡിക്കൽ കോളേജ് റോഡിൽ 14/363 ബിയിൽ ഡോ.തോമസ് ചാണ്ടിയുടെ വീട്ടിൽ കഴിഞ്ഞ 8ന് പുലർച്ചെയായിരുന്നു മോഷണ ശ്രമം. ഡോക്ടറും കുടുംബവും വിദേശത്ത് മക്കളെ സന്ദർശിക്കാൻ പോയതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച പ്രതികൾ വീടിനകത്തെ മുറികളുടെയും അലമാരകളുടെയും പൂട്ടുകൾ പൊളിച്ച് തെരച്ചിൽ നടത്തിയെങ്കിലും സ്വർണവും പണവും കിട്ടിയില്ല. യാത്രയ്‌ക്കു മുമ്പ് വീട്ടുകാർ സ്വർണം ലോക്കറിലേക്ക് മാറ്റിയിരുന്നു.
എട്ടിന് രാവിലെ വീടിന്റെ മേൽനോട്ട ചുമതലയുള്ള ജോലിക്കാർ വന്നപ്പോഴാണ് മോഷണം അറിയുന്നത്. വിരലടയാളം തിരിച്ചറിഞ്ഞുള്ള അന്വേഷണത്തിൽ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. ഇതിനിടെ പ്രതികൾ തിരുവനന്തപുരത്ത് ഒരു അമ്പലത്തിലും കവർച്ച നടത്തിയതായി തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |