SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

ക്രഷർ ഗോഡൗണിൽ 3000 ചാക്ക് യൂറിയ കണ്ടെത്തി; നാല് പേർക്കെതിരെ കേസ്

കിഴക്കമ്പലം: കിഴക്കമ്പലം ചൂരക്കോട്ടിലെ പ്രവർത്തനം നിലച്ച ക്രഷറിനു സമീപത്തെ ഗോഡൗണിൽ കാർഷിക ആവശ്യത്തിനുള്ള 3000 ചാക്ക് യൂറിയ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവിടെ നിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 39 ചാക്ക് യൂറിയയും മിനിലോറിയും കുന്നത്തുനാട് പൊലീസ് പിടികൂടി. നാലുപേർക്കെതിരെ കേസെടുത്തു.

വെസ്റ്റ് വെങ്ങോല മുടങ്ങരപ്പുറം കീപ്പത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് (35), അസാം നൗഗാവ് സ്വദേശി ജൂബൈജുൽ റഹ്‌മാൻ (27), ചൂരക്കോട് ചെമ്മലക്കുടി തച്ചയിൽ വീട്ടിൽ മാഹിൻ അബൂബക്കർ, ചേലക്കുളം സ്വദേശി സിയാദ് എന്നിവർക്കെതിരെയാണ് കേസ്. ഗോഡൗണിലെ യൂറിയ വിശദമായി പരിശോധിച്ച് വരികയാണ്. ഗോഡൗൺ പൊലീസ് സീൽ ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെ 1.10നാണ് യൂറിയ കടത്താൻ ശ്രമിച്ചത്. മാഹിൻ അബൂബക്കറുടെ ഉടമസ്ഥതയിലുള്ള ക്രഷർ യൂണിറ്റിനോട് ചേർന്ന് താത്കാലികമായി നിർമ്മിച്ച ഷെഡിൽനിന്ന് മിനിലോറിയിൽ യൂറിയ കയറ്റുന്നതിനിടെയാണ് പൊലീസ് എത്തിയത്.

രഹസ്യവിവരത്തെ തുടർന്നായിരുന്നു കുന്നത്തുനാട് എസ്.ഐ എം. അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന. വാഹനത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ ചേലക്കുളം സ്വദേശി സിയാദിന്റെ നിർദ്ദേശപ്രകാരമാണ് യൂറിയ കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. വളം സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ആവശ്യമായ രേഖകളോ ലൈസൻസോ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

അമിതലാഭം ലക്ഷ്യമിട്ട് കാർഷിക ആവശ്യത്തിനുള്ള യൂറിയ മറിച്ചുവിൽക്കാൻ ശ്രമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. അവശ്യസാധന നിയന്ത്രണ നിയമവും ഫെർട്ടിലൈസർ കൺട്രോൾ ഓർഡറും പ്രകാരമാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY