
ചിറയിൻകീഴ്: യുവാവ് കുഴഞ്ഞുവീണ് മരിച്ചത് പൊലീസ് മർദ്ദനത്തെത്തുടർന്ന് ആരോപിച്ച് പെരുങ്ങുഴിയിൽ പ്രതിഷേധം. പെരുങ്ങുഴി ചല്ലിമുക്ക് വയൽത്തിട്ടവീട്ടിൽ സജി (43) ഇന്നലെ പുലർച്ചെയോടെ മരിച്ച സംഭവത്തിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. വെള്ളിയാഴ്ച പൊലീസ് ഇയാളെ ക്രൂരമായി മർദ്ദിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.
അനധികൃതമായി അളവിൽ കൂടുതൽ മദ്യം കൈവശം വച്ച് വില്പന നടത്തിയതിന് വെള്ളിയാഴ്ച രാവിലെ പെരുങ്ങുഴി ചല്ലിമുക്ക് കുഴിയം കോളനിയിൽ വിഘ്നേശ്വരൻ (60) എന്നയാളെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടികൂടിയിരുന്നു. വിഘ്നേശ്വരനെ പൊലീസ് മർദ്ദിക്കുന്നതു കണ്ട് 'അയാളെ അടിക്കരുതെന്നും അസുഖങ്ങളുള്ളയാളാണെന്നും' അയൽവാസിയും ബന്ധുവുമായ സജി പറഞ്ഞതിൽ പ്രകോപിതരായ പൊലീസ് സജിയെ മർദ്ദിച്ചെന്നാണ് ആരോപണം.
അടിയേറ്റ അന്നുമുതൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഞായറാഴ്ച വൈകിട്ട് മൂത്ര തടസവും ശാരീരിക ബുദ്ധിമുട്ടുകളും ഗുരുതരമാകുകയും മൂത്രത്തിലൂടെ രക്തം പുറത്തുവരുകയും ചെയ്തതോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി. എന്നാൽ ഇന്നലെ പുലർച്ചെയോടെ സജി കുഴഞ്ഞുവീണ് രക്തം ഛർദ്ദിക്കുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്റെ ക്രൂര മർദ്ദനത്തിലാണ് മരിച്ചതെന്ന് കാണിച്ച് ബന്ധുക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
എന്നാൽ വിഘ്‌നേശ്വരനെ പിടികൂടിയപ്പോൾ സജി ആക്രമിക്കാനെത്തുകയായിരുന്നെന്നും പ്രതിരോധിക്കുകയാണ് ചെയ്‌തതെന്നും ചിറയിൻകീഴ് പൊലീസ് പറയുന്നു. ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടർന്ന് ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം തഹസീൽദാർ ആർ.രാഖിയുടെ മേൽനോട്ടത്തിൽ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കുറ്റക്കാർക്കെതിരെ ഊർജിത നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് മൃതദേഹവുമായി പെരുങ്ങുഴി മേട ജംഗ്ഷനിൽ വൈകിട്ട് സി.പി.എം പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിച്ചു.
ഒടുവിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി അജിചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. സജിയെ മർദ്ദിച്ച സംഘത്തിലുള്ള ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി അന്വേഷിക്കണമെന്നും എഫ്.ഐ.ആറിലെ ഡേറ്റുമായി ബന്ധപ്പെട്ട ചില തിരുത്തലുകൾ പരിശോധിക്കണമെന്നും വി.ജോയി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സജി കടലിൽ ജോലിക്ക് പോകുന്നയാളായിരുന്നു. ഭാര്യ: വിജിത. ശരൺ,വിജിൻ എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |