
കൊച്ചി: ബാർ റസ്റ്റോറന്റിൽ രാത്രികാല ജോലിയിലുണ്ടായിരുന്ന വനിതാ വെയ്റ്റർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ കൊയിലാണ്ടി മൂരാട് ഇരിങ്ങൽ കുന്നുമ്മൽ വീട്ടിൽ കെ.ആർ. ജയകുമാറാണ് (38) പിടിയിലായത്.
കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബാറിൽ സെപ്തംബർ 20ന് പുലർച്ചെ 2.15നായിരുന്നു സംഭവം. ബാറിലെ സ്മോക്കിംഗ് റൂമിലേക്ക് പോകുന്ന ഭാഗത്തെ ടേബിളിനരികെ ഓർഡർ എടുത്തുകൊണ്ടിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്.
യുവതി നൽകിയ മൊഴിയിൽ മൂവാറ്റുപുഴ കാവുങ്കര സ്വദേശിയായ യുവാവിനെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം കേസെടുത്തത്. എന്നാൽ തുടരന്വേഷണത്തിൽ ജയകുമാറാണ് യുവതിയെ ഉപദ്രവിച്ചതെന്ന് കണ്ടെത്തി. ഇരുവരുടെയും മുഖസാദൃശ്യമാണ് യുവതിയെ ആശയക്കുഴപ്പത്തിലാക്കിയത്.
സംഭവദിവസം ബിസിനസ് സുഹൃത്തുക്കളുമായി ജയകുമാർ മദ്യപിക്കാൻ ബാർ റസ്റ്റോറന്റിൽ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെ കൊയിലാണ്ടിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |