
കയ്പമംഗലം: ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്ക് വഴി ഉൽപ്പന്നം ഓർഡർ ചെയ്ത യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ചളിങ്ങാട് സ്വദേശിനി മതിലകത്ത് ഷഹനയുടെ അക്കൗണ്ടുകളിൽ നിന്നാണ് 8,000 രൂപ നഷ്ടപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് ഷഹന ഇൻസ്റ്റഗ്രാമിൽ കണ്ട ലിങ്ക് വഴി മാല ഓർഡർ ചെയ്തത്. തുടർന്ന് കൊറിയർ അയച്ചിട്ടുണ്ടെന്നും കൊറിയർ ട്രാക്ക് ചെയ്യുന്നതിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കണമെന്നും ഹിന്ദി ഭാഷയിൽ സന്ദേശം ലഭിച്ചു. സന്ദേശത്തിലെ നിർദേശപ്രകാരം ലിങ്ക് തുറന്ന് ആപ് ഡൗൺലോഡ് ചെയ്തതിന് പിന്നാലെ ഗൂഗിൾ പേ വഴി രണ്ട് രൂപ അയക്കണമെന്നും ആവശ്യപ്പെട്ടു. രണ്ട് രൂപ അയച്ചതിന് പിന്നാലെയാണ് അക്കൗണ്ടിൽ നിന്ന് 5,000 രൂപ പിൻവലിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിൽ നിന്ന് 3,000 രൂപ കൂടി നഷ്ടപ്പെട്ടു. തട്ടിപ്പ് നടന്നതായി മനസിലായതോടെ യുവതി ഉടൻ ബാങ്കിലെത്തി വിവരം അറിയിക്കുകയും അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |