SignIn
Kerala Kaumudi Online
Friday, 16 October 2026 2.09 AM IST

നെടുമ്പാശേരി വാഹനാപകടം സമ്പന്നകുമാരനും കൂട്ടാളികളും വീണ്ടും ബോസ്റ്റൽ സ്കൂളിൽ

suhile

നെടുമ്പാശേരി: മൂന്നുവിദ്യാർത്ഥികളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടക്കേസിലെ പ്രതികളെ ബോസ്റ്റൽ സ്കൂളിൽ തിരിച്ചെത്തിച്ചു. ഒന്നാംപ്രതി സുഹൈൽ സജീവ് (19), നിനവ് (19), ജോയൽ (19), അമീൻ (19) എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ വൈകിട്ട് തിരികെയെത്തിച്ചത്. അങ്കമാലി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

സുഹൈൽ സജീവിനെ മാത്രമാണ് അപകട സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഇന്നലെ രാവിലെ 9.30ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. രാവിലെ മുതൽ വൻജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നതിനാൽ സുഹൈലിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല.

അപകടസ്ഥലം, സ്കൂട്ടർ തെറിച്ച് വീണ സ്ഥലം, കാറിന്റെ വേഗത തുടങ്ങിയ കാര്യങ്ങൾ പ്രതി വിശദീകരിച്ചു. നാലംഗസംഘം മദ്യപിച്ച വിമാനത്താവളത്തിനടുത്തെ ഹോട്ടൽ മാരിയറ്റ് കോർട്ട്‌യാർഡിലും കടവന്ത്രയിലെയിലെ ബാറിലും പാലാരിവട്ടം മൺസൂൺ എംപ്രസ് ബാറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

അടച്ചിട്ട മുറിയിൽ ചോദ്യം ചെയ്യൽ

പ്രതികളെ സ്റ്റേഷനിൽ അടച്ചിട്ട മുറിയിലിരുത്തി അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. തുടർന്ന് വൈകിട്ട് നാലോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കർണാടക സ്വദേശി മുഹമ്മദ് ഇയാസ് (20), വയനാട് സ്വദേശി കെ.വി.ദേവിക (21), പാലക്കാട് സ്വദേശി എം.പി.ഗോപിക (22) എന്നിവരാണ് സുഹൈൽ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് ദാരുണമായി മരിച്ചത്.

മുടി വെട്ടിയത് ബാർബർ

പ്രതികളുടെ മുടി വെട്ടിയത് ബോസ്റ്റൽ സ്കൂൾ അധികൃതർ വിളിച്ചുവരുത്തിയ ബാർബർ. ബുധനാഴ്ച രാവിലെയാണ് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി സുഹൈൽ സജീവിന്റേത് ഉൾപ്പെടെ പ്രതികളുടെ മുടി പറ്റെ വെട്ടിയത്. സ്വന്തം ട്രിമ്മർ ഉപയോഗിച്ച് ഇവർ സ്വയം വെട്ടിയതാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ ബോസ്റ്റൽ സ്കൂളിൽ പതിവായി മുടി വെട്ടുന്നായാളാണ് ഇവരുടെയും മുടി വെട്ടിയതെന്നാണ് വിവരം. ബുധനാഴ്ച അങ്കമാലി കോടതിയിൽ എത്തിച്ചപ്പോഴാണ് ഇവരുടെ മാറിയ രൂപം ജനശ്രദ്ധയിൽപ്പെട്ടത്. മുടിവെട്ട് വിവാദമായതിനെ തുടർന്ന് സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY