കോഴിക്കോട്: പെൻഷൻ വാങ്ങിമടങ്ങിയ വയോധികനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞിക്കണ്ടിപ്പറമ്പിൽ രതീഷാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 27ന് ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിസി റോഡിലായിരുന്നു സംഭവം. ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് വാർദ്ധക്യ പെൻഷൻ വാങ്ങി മടങ്ങുംവഴിയാണ് ചക്കുംകടവ് നദീ നഗർ സ്വദേശി ആക്രമിക്കപ്പെട്ടത്. വയോധികന്റെ കൈവശമുണ്ടായിരുന്ന രേഖകളടങ്ങിയ പഴ്‌സും പ്രതി കൈക്കലാക്കിയിരുന്നു.
പെൻഷൻ വാങ്ങി വരുന്നവഴിക്ക് ബിസി റോഡ് ജംഗ്‌ഷന് സമീപം വയോധികൻ കാൽതെറ്റിവീണു. ഓടിക്കൂടിയ ആളുകളുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രതി വയോധികനെ വീട്ടിൽ എത്തിക്കാമെന്ന വ്യാജേന ഒപ്പംകൂടി. ശേഷം ഫ്ലാറ്റിലേക്ക് പോകുന്നവഴിയിൽ പരാതിക്കാരനെ റോഡിലേക്ക് തള്ളിയിട്ട ശേഷം പോക്കറ്റിലുണ്ടായിരുന്ന നാലായിരം രൂപയും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകൾ അടങ്ങിയ പഴ്‌സും എടുത്ത് കടന്നുകളയുകയായിരുന്നു.
വയോധികന്റെ പരാതിയിൽ കേസെടുത്ത ബേപ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലായ രതീഷ് നേരത്തെയും നിരവധിക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വിൽപനയ്‌ക്കായി മദ്യം കൈവശംവയ്‌ക്കൽ, പൊതുജനശല്യം, പൊതുസ്ഥലത്തെ മദ്യപാനം തുടങ്ങിയവയ്‌ക്ക് ബേപ്പൂർ, നല്ലളം, മാറാട് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. വയോധികനെ തള്ളിയിട്ടകേസിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |