SignIn
Kerala Kaumudi Online
Monday, 14 September 2026 5.16 PM IST

എന്നെ ട്രാപ്പ് ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു; തട്ടിപ്പ് സംഘം വല വിരിച്ച കഥ ഷംന ആദ്യമായി പറയുന്നു

shamna

കൊച്ചി: കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് നടി ഷംന കാസിം. തന്നോട് ഫോണിൽ സംസാരിച്ചവരിൽ സ്ത്രീകളുണ്ട്, കുട്ടി വന്ന് ഹലോ ഒക്കെ പറഞ്ഞു പോയിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് അറിയണം. എന്നാലെ തട്ടിപ്പു സംഘത്തിന്റെ പൂർണമായ വിവരം ലഭ്യമാകൂ. തന്നെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടതായി കഴിഞ്ഞ ദിവസം ഐ.ജി വിജയ് സാഖറെ പറഞ്ഞതിൽ വസ്തുതയുണ്ടാകാമെന്നും ഷംന കാസിം പറഞ്ഞു.

തട്ടിപ്പ് സംഘം എന്തും ചെയ്യും എന്നു തോന്നിയതിനാലാണ് പരാതി നൽകിയത്. ഇത് തന്റെ സുരക്ഷക്ക് വേണ്ടിയായിരുന്നു. ആര് പരാതി നൽകിയാലും അവസാനം മുന്നിലേക്ക് വരേണ്ടി വരും എന്നറിയാമായിരുന്നു. ഒരുപാട് കഥാപാത്രങ്ങളുമായി ഞങ്ങളുടെ വീട്ടുകാരെ എല്ലാവരെയും പറ്റിച്ചു. ഇവർ ഇങ്ങനെ ചെയ്തത് കൃത്യമായ ലക്ഷ്യമിട്ടാണെന്ന് സഹോദരന് സംശയം തോന്നിയെന്ന് ഷംന വ്യക്തമാക്കി.

സ്വർണം കടത്തുന്നതിനോ സ്വർണ തട്ടിപ്പു നടത്തുന്നവരാണെന്നോ ഇവർ പറഞ്ഞിട്ടില്ല. ഇത് രണ്ടും കൂടി പൊലീസ് ബന്ധിപ്പിച്ചത് എങ്ങനെയെന്ന് അറിയില്ല. ഇത് വേറൊരു സംഘമാണ്. കല്യാണാലോചനയുമായാണ് ഇവർ വന്നത്. തന്നോട് പറഞ്ഞ പേരും കാണിച്ച ഫോട്ടോയും എല്ലാം തട്ടിപ്പായിരുന്നു. അൻവർ എന്നു പറഞ്ഞ് ഏന്തെങ്കിലും രീതിയിൽ ട്രാപ് ചെയ്യാൻ ഉദ്ദേശിച്ചായിരിക്കും ഇവർ വന്നത് എന്നാണ് കരുതുന്നത്. മെയ് 25നാണ് വിവാഹാലോചനയുമായി വരുന്നത്. സംഘത്തിലെ അൻവർ എന്നു പറഞ്ഞ ആളാണ് പണം ചോദിച്ചത്. വിവാഹം ആലോചിച്ച പയ്യൻ അയാളുടെ കസിൻ മരിച്ചതിനാൽ അവിടെ പോയെന്നും എത്താനായില്ലെന്നും അടുത്ത ദിവസം വരാമെന്നുമാണ് പറഞ്ഞത്.

തന്റെ കൂടെയുള്ള ഒരാൾ വാഹനം വാങ്ങുന്നതിന് വന്നപ്പോൾ വിചാരിച്ചതിനേക്കാൾ കൂടുതൽ തുക വേണ്ടി വന്നു. അതിനാലാണ് ഒരു ലക്ഷം രൂപ നൽകാൻ ചോദിച്ചത്. മരണ വീട്ടിൽ നിൽക്കുകയാണ്, അതിനാൽ അവിടെ നിന്ന് മാറാൻ പറ്റില്ലെന്നും പറഞ്ഞു. അവർക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകളും മറ്റും ഉണ്ടെന്ന് പറഞ്ഞിരുന്നു. കൊച്ചി വരെ വരുന്നു, അമ്മ സുഹറയും വരുന്നുണ്ടെന്നും പെൺകുട്ടിയെ കാണാം എന്നും പറഞ്ഞപ്പോഴാണ് നിരസിക്കാതിരുന്നത്. പെണ്ണും ചെറുക്കനും സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അൻവർ എന്നു പറഞ്ഞ് സംസാരിച്ചത് വേറെ ആളായിരുന്നു.

വിശ്വസനീയമായ രീതിയിൽ സംസാരിച്ചെങ്കിലും പണം ചോദിച്ചപ്പോഴാണ് സംശയം തോന്നിയത്. സ്വാഭാവികമായും ബിസിനസുകാരായതിനാൽ ഷംനയെ മാത്രമല്ലല്ലോ കൊച്ചിയിൽ അറിയുക എന്നും വിചാരിച്ചു. ഒരു പക്ഷെ പ്രായത്തിന്റെ പൊട്ടത്തരത്തിൽ പറഞ്ഞതായിരിക്കാം എന്നാണ് ആദ്യം ഡാഡി പറഞ്ഞത്. പണം ചോദിച്ചതിന് പിന്നീട് ചെറുക്കന്റെ പിതാവ് വിളിച്ച് സോറി പറഞ്ഞു. തന്നോട് സംസാരിച്ച സംഘത്തിൽ റഫീഖ് എന്ന പേരുള്ള ആരുമില്ലെന്നും ഷംന വ്യക്തമാക്കുന്നു.

ആന്റിയും അങ്കിളും വരുമെന്നല്ലേ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അവർക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. സംസാരിച്ച ആളുകളും വന്ന ആളുകളും തമ്മിൽ മാച്ചാകുന്നില്ലെന്ന് അതോടെ മനസിലായി. അൻവർ എന്നയാൾ ഫോണിലൂടെയല്ലാതെ മുന്നിലേയ്ക്ക് വന്നില്ല. ഇവർ പറഞ്ഞ മേൽവിലാസത്തിൽ നോക്കിയപ്പോൾ അത് ഫേക്കാണെന്ന് മനസിലായി. ദുബായിൽ സഹോദരന് ജ്വല്ലറി ഉണ്ടെന്നു പറഞ്ഞെങ്കിലും അതിന് അത്ര പ്രാധാന്യമില്ലാത്തതിനാൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ഷംന വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

സംഘത്തിന് സിനിമയുമായി ബന്ധമില്ലെന്നാണ് പറഞ്ഞത്. ടി.വിയിൽ പോലും സിനിമ കാണാറില്ലെന്നും പറഞ്ഞു. തന്റെ നമ്പർ നൽകിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. തന്റെ എന്നല്ല, ഏതൊരു പെൺകുട്ടിയുടെ നമ്പർ കൊടുത്താലും അത് ദുരുപയോഗം ചെയ്യാം എന്നതിനാൽ വിളിച്ച് ചോദിക്കേണ്ടതായിരുന്നു. പരാതി നൽകിയതിനു പിന്നാലെ സിനിമയിൽ നിന്ന് വിളിച്ച് പലരും പിന്തുണ നൽകി.

എന്നെ ട്രാപ്പ് ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു. കിഡ്നാപ് ചെയ്യുമോ എന്ന പേടിയൊന്നുമില്ല. ഇവിടെ അതിലും വലിയത് നടന്നിട്ടുള്ളതിനാൽ ലക്ഷ്യം അങ്ങനെ ആയിരുന്നിരിക്കാമെന്നാണ് കരുതുന്നതെന്നും ഷംന പറഞ്ഞു. ടിനി ടോമിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും ഷംന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SHAMNA KASIM, TINY TOM, SHAMNA POLICE, SHAMNAKASIM CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY