SignIn
Kerala Kaumudi Online
Saturday, 03 October 2026 9.51 PM IST

ഉത്ര കൊലപാതകം : കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാദ്ധ്യത, പാന്പ് പിടിത്തക്കാരൻ പാന്പിനെ കൈമാറിയത് സൂരജിൻെറ അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വച്ച്

utra-murder-case-

കൊല്ലം: പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതിൽ നിർണായക വെളിപ്പെടുത്തലുകൾ. അടൂരിലെ വീട്ടിലെ സ്റ്റെയർകെയ്സിൽ ഉത്ര ആദ്യം കണ്ടത് അണലിയെത്തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. ചേരയായിരുന്നെന്നും താൻ കൊണ്ടിട്ട തല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. പാമ്പ് പിടുത്തക്കാരൻ സുരേഷാണ് അണലിയെ വീട്ടിൽ എത്തിച്ച് നൽകിയത്. അമ്മയുടെയും സഹോദരിയുടെയും മുന്നിൽ വച്ചാണ് സുരേഷ് പാമ്പിനെ കൈമാറിയത്. സുരേഷ് തിരികെപ്പോയതിന് തൊട്ടുപിന്നാലെ പാമ്പ് ചാക്കിൽ നിന്നും പുറത്തേക്ക് ചാടി ഇഴ‌ഞ്ഞുപോയി.

ഏറെ നേരമെടുത്ത് വളരെ ശ്രമകരമായിട്ടാണ് സൂരജുതന്നെ അന്ന് അണലിയെ ചാക്കിലാക്കിയത്. വിറകുപുരയിൽ ഒളിപ്പിച്ചുവച്ച ഇതിനെ വീടിന്റെ സ്റ്റെയർകെയ്സിൽ കൊണ്ടിടുകയായിരുന്നു. ടൈൽസ് ഇട്ട സ്റ്റെയർകെയ്സ് ആയതിനാൽ അണലി ഇഴഞ്ഞുപോയില്ല. ഈ സമയത്ത് ഉത്രയോട് മുകളിലത്തെ മുറിയിൽ നിന്നും മൊബൈൽ ഫോൺ എടുത്തുകൊണ്ടുവരാൻ സൂരജ് ആവശ്യപ്പെട്ടു. മുകളിലേക്ക് പോകുവാൻ പടി കയറിയപ്പോഴാണ് ഉത്ര പാമ്പിനെക്കണ്ട് നിലവിളിച്ചത്. ഉടൻ സൂരജ് എത്തി അണലിയെ ചാക്കിനുള്ളിലാക്കി മാറ്റി. ഇതിനെ പിന്നീട് തുറന്നുവിട്ടാണ് ആദ്യം ഉത്രയെ ഉറങ്ങിക്കിടന്ന വേളയിൽ കൊത്തിച്ചത്.

അന്ന് ഉത്ര മരണപ്പെടുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ സുരേഷിനെ വീണ്ടും വിളിച്ച് മൂർഖനെ ആവശ്യപ്പെട്ടു. ഉത്ര കൊല്ലപ്പെട്ട ശേഷം സുരേഷിനെ വിളിച്ച് താൻ പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് പറയുകയും ചെയ്തു. തന്റെ എല്ലാ നീക്കങ്ങളും സഹോദരിയുടെ അറിവോടെയാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സഹോദരിയെ അന്വേഷണ ഉദ്യോഗസ്ഥർ‌ ചോദ്യം ചെയ്തേക്കും.

രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതുമൊക്കെ സഹോദരിയാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ കൂട്ടുകാരെ ഇതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോൺ വിളിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകേണ്ട സാദ്ധ്യതകൾ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. എന്നാൽ മതിയായ തെളിവുകൾ ലഭ്യമായശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, UTRA, UTRA MURDER, MURDER CASE, SNAKE BITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY