SignIn
Kerala Kaumudi Online
Saturday, 20 June 2026 9.43 AM IST

ജോനാഥൻ ഇനി ഗിന്നസ് ഐക്കൺ

pic

ലണ്ടൻ : ഗിന്നസ് ലോക റെക്കാഡ്‌സിന്റെ 'ഐക്കൺ' പദവി സ്വന്തമാക്കി ജോനാഥൻ എന്ന ആമ. ഇന്ന് കരയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ജീവിയെന്ന ഗിന്നസ് റെക്കാഡ് ജോനാഥന്റെ പേരിലാണ്. 194 വയസുള്ള ജോനാഥൻ തന്നെയാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പ്രായം കൂടിയ ആമ. ഇതിഹാസ നേട്ടങ്ങൾക്ക് ഉടമകളായവരെ ആദരിക്കാനായി ഗിന്നസ് റെക്കാഡ്‌സ് നൽകുന്ന ഓണററി പദവിയാണ് ഐക്കൺ.

തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലെന ദ്വീപിലാണ് ഭീമൻ ആമയായ ജോനാഥനുള്ളത്. സെന്റ് ഹെലെന ഗവർണറുടെ ഔദ്യോഗിക വസതി പരിസരത്താണ് ജോനാഥന്റെ വാസം. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബൊണപ്പാർട്ട് തന്റെ അവസാന ദിനങ്ങൾ ചെലവഴിച്ച സ്ഥലമാണ് സെന്റ് ഹെലെന. വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ട് സെന്റ് ഹെലെനയിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ 1821ലാണ് അന്തരിച്ചത്.

1832ൽ കിഴക്കേ ആഫ്രിക്കൻ രാജ്യമായ സെയ്‌ഷെൽസിലാണ് ജോനാഥന്റെ ജനനം എന്നാണ് കരുതുന്നത്. ജനിച്ച് ഏകദേശം 50 വർഷങ്ങൾ കഴിഞ്ഞാണ് ജോനാഥാനെ സെയ്‌ഷെൽസിൽ നിന്ന് ബ്രിട്ടന്റെ അധീനതയിലുള്ള സെന്റ് ഹെലെനയിലേക്ക് എത്തിച്ചത്. അതേ സമയം, ജോനാഥൻ 1832ന് മുമ്പേ ജനിച്ചിരിക്കാമെന്ന് വാദിക്കുന്നവരുമുണ്ട്.

ഗന്ധം തിരിച്ചറിയുന്നതിലും കാഴ്ചയിലും ശക്തി ക്ഷയിച്ചതൊഴിച്ചാൽ ജോനാഥൻ ഇപ്പോഴും ആരോഗ്യവാനാണ്. കാബേജ്, വെള്ളരി, കാരറ്റ്, ലെറ്റ്യൂസ്,​ ആപ്പിൾ,​ വാഴപ്പഴം തുടങ്ങിയവയാണ് ജോനാഥന്റെ ഇഷ്ട ഭക്ഷണം. 8 ബ്രിട്ടീഷ് ഭരണാധികാരികളും 41 യു.എസ് പ്രസിഡന്റുമാരുമാണ് ജോനാഥന്റെ ജീവിതകാലയളവിനിടെ അധികാരത്തിലിരുന്നത്.

രണ്ട് ലോകമഹായുദ്ധങ്ങൾ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയർച്ചയും താഴ്ചയും, സ്പാനിഷ് ഫ്ലൂവും കൊവിഡും അടക്കം മഹാമാരികൾ, തുടങ്ങി ലോക ചരിത്രത്തിലെ നിർണായക സംഭവങ്ങൾ അരങ്ങേറുമ്പോൾ ജോനാഥൻ ഭൂമുഖത്ത് ചുറ്റിത്തിരിയുകയായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360