
പ്രിയം, ആദ്യത്തെ കൺമണി അടക്കം നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനകലത. മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. എന്നാൽ മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ദുരിതത്തിലാണ് നടിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.
കുറേ ദിവസം ഐ സി യുവിൽ കിടക്കേണ്ടി വന്നു. നിലവിൽ ഭക്ഷണം കഴിക്കുന്നില്ല. ഉമിനീര് പോലും ഇറക്കുന്നില്ലെന്നാണ് വിജയമ്മ വെളിപ്പെടുത്തിയത്. ഭക്ഷണം കഴിക്കുന്നതടക്കമുള്ള ദൈനംദിന കാര്യങ്ങൾ മറക്കുന്ന അവർക്ക് ലിക്വിഡ് ഫുഡാണ് നൽകുന്നത്. ഡയപ്പർ ഉപയോഗിക്കുന്നുണ്ട്. മെലിഞ്ഞ് അവശയായെന്നും സഹോദരി പറഞ്ഞു.
കനകലതയ്ക്ക് ഇപ്പോൾ സ്വന്തം പേര് പോലും ഓർമയില്ലെന്നും സഹോദരി വ്യക്തമാക്കി. വിജയമ്മയാണ് കനകലതയുടെ കൂടെയുള്ളത്. ഇരുപത്തിരണ്ടാമത്തെ വയസിൽ പ്രണയിച്ച് വിവാഹിതയായ നടി, പതിനാറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞിരുന്നു. മക്കളില്ല. വിജയമ്മയ്‌ക്കൊപ്പം സഹോദരന്റെ മകനും സഹായത്തിനുണ്ട്.
താരസംഘടനയായ അമ്മയിൽ നിന്ന് പ്രതിമാസം അയ്യായിരം രൂപ കിട്ടുന്നുണ്ട്. സംഘടനയുടെ ഇൻഷുറൻസുമുണ്ട്. കൂടാതെ ആത്മയിൽ നിന്നും ചലച്ചിത്ര അക്കാദമിയിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. 360 ലധികം മലയാള സിനിമകളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. 'പൂക്കാലം' എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. അമച്വർ നാടകങ്ങളിലൂടെയാണ് ഇവർ അഭിനയജീവിതത്തിലേക്ക് പ്രവേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |