SignIn
Kerala Kaumudi Online
Monday, 08 June 2026 11.33 AM IST

80കളിലെ യുവനിരയിൽ ഏറെ തിരക്കുണ്ടായിരുന്ന നടൻ,​ എന്നിട്ടും രവികുമാ‌റിനെ മലയാള ചലച്ചിത്രലോകത്ത് കാണാതായതിന് ഒരൊറ്റ കാരണം കൊണ്ടാണ്

READ ENGLISH VERSION
ravikumar

അഞ്ച് പതിറ്റാണ്ടിനടുത്ത് കാലം നീണ്ടുനിന്ന അഭിനയരംഗത്തെ മികച്ച മുഹൂർത്തങ്ങൾ ബാക്കിയാക്കി നടൻ രവികുമാർ വിടവാങ്ങിയത് ഇന്ന് പുലർച്ചെയാണ്. 1968ൽ ലക്ഷപ്രഭു എന്ന പ്രേംനസീർ നായകനായ പി.ഭാസ്‌കരൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ രവികുമാർ എഴുപതുകളിലും എൺപതുകളിലും ഏറെ തിരക്കേറിയ യുവനടനായി മാറി. ഇക്കാലത്ത് അനുപല്ലവി എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ച 'എൻ സ്വരം പൂവിടും' എന്ന ഗാനം ഏറെ ഹിറ്റായി. 1975ൽ ഉല്ലാസയാത്ര എന്ന ചിത്രം മുതൽ 1984ലെ സുരഭി യാമങ്ങൾ എന്ന ചിത്രംവരെ വർഷത്തിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1980ൽ 18 ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.

പ്രേംനസീറും മധുവും മുഖ്യ നായകന്മാരായി അക്കാലത്ത് മലയാള സിനിമ ശക്തമായി മുന്നേറുമ്പോൾ മിക്ക ചിത്രങ്ങളിലും സഹതാരമായോ ചിലപ്പോഴൊക്കെ നായകനായോ രവികുമാർ ശ്രദ്ധനേടി. അന്ന് ഹിറ്റ് ചിത്രങ്ങളായ അവളുടെ രാവുകൾ,തച്ചോളി അമ്പു,പടക്കുതിര, ലിസ,ആൾമാറാട്ടം,നീലത്താമര, സർപ്പം, ശക്തി, അങ്ങാടി തുടങ്ങി നിരവധി ചിത്രങ്ങളിൽ അക്കാലത്ത് അദ്ദേഹം തിളങ്ങി.

എൺപതുകളിൽ തിരക്കേറിയ നടനായിരുന്നെങ്കിലും എന്തുകൊണ്ട് പിന്നീട് ചലച്ചിത്രരംഗത്ത് നിന്നും പിന്നിലായി എന്ന് രവികുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 'ഒന്നാം നമ്പർ റോളൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.എൺപതുകൾ വരെ അന്നത്തെ യുവനടന്മാരിൽ ഞാൻ അൽപം തിരക്കിലായിരുന്നു. പിന്നീട് ഞാനായിട്ട് ഒഴിഞ്ഞുമാറിയതാണ്. 1982ൽ അച്ഛന്റെ മരണമുണ്ടായി. അച്ഛന് കുറച്ച് ബിസിനസൊക്കെയുണ്ടായിരുന്നു. അത് നോക്കിനടത്താൻ ഒറ്റ മകനായ ഞാനായിരുന്നു. അതുകൊണ്ട് അഭിനയത്തിൽ നിന്നും ഞാൻ മാറിനിന്ന കാലമായിരുന്നു അത്. പിന്നീട് ഞാൻ തിരികെവന്നപ്പോൾ തമിഴിലാണ് ശ്രദ്ധിച്ചത്. കാരണം ഞാനന്ന് ചെന്നൈയിലാണ് താമസിച്ചിരുന്നത്.'

ഏറെനാളായി തമിഴ്‌സീരിയൽ രംഗത്താണ് രവികുമാർ സജീവമായിരുന്നത്. മൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ആറാട്ട്, സിബിഐ 5: ദി ബ്രെയിൻ എന്നീ ചിത്രങ്ങളിൽ രവികുമാർ അഭിനയിച്ചിരുന്നു. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ചെന്നൈയിലെ വേലച്ചേരിയിലെ ആശുപത്രിയിൽ ഇ‌ന്ന്‌ രാവിലെ ഒൻപതുമണിയോടെയായിരുന്നു അദ്ദേഹ‌ത്തിന്റെ അന്ത്യം. 71 വയസായിരുന്നു. മകനാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. അർബുദ ബാധിതനായിരുന്നു. സംസ്‌കാരം നാളെചെന്നൈയിൽ നടക്കും. തൃശൂർ സ്വദേശികളായ പ്രശസ്‌ത നിർമാതാവ് കെ എം കെ മേനോന്റെയും ആർ ഭാരതിയുടെയും മകനായി ചെന്നൈയിലാണ് രവി കുമാർ ജനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTOR RAVI KUMAR, QUITTING, ACTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY