
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ സുവർണാവസരം. ആർബിഐയുടെ 'യംഗ് പ്രൊഫഷണൽസ് പ്രോഗ്രാം 2026'ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡായി ലഭിക്കുക. 2026 ജൂലായ് ആറ് ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
റിസർവ് ബാങ്കിന്റെ നയരൂപീകരണം, ഗവേഷണം, പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പിന്തുണ നൽകുന്നതിനായാണ് യംഗ് പ്രൊഫഷണൽസ് പ്രോഗ്രാം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡാറ്റാ വിശകലനം, ധനകാര്യ പഠനം, ആർബിഐ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സഹായിക്കുക, ഡിജിറ്റൽ ഫിനാൻസ്, ബാങ്കിംഗ് മേഖലയിലെ പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ജോലികളാണ് തിരഞ്ഞെടുക്കപ്പെടുന്നവർ ചെയ്യേണ്ടത്.
സാമ്പത്തിക ശാസ്‌ത്രം, ഫിനാൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റാ സയൻസ്, മാനേജ്‌മെന്റ് അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മികച്ച മാർക്കോടെ ബിരുദം നേടിയയവർക്ക് അപേക്ഷിക്കാം. കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യാനുള്ള കഴിവ്, ഗവേഷണ താൽപ്പര്യം, സാങ്കേതിക വിജ്ഞാനം എന്നിവ നിർബന്ധമായും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണമെന്ന് ആർബിഐ വ്യക്തമാക്കി. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനത്തിലെ യോഗ്യതാ മാനദണ്ഡങ്ങൾ പൂർണമായും വായിച്ച് മനസിലാക്കാൻ ശ്രദ്ധിക്കുക.
റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വേണം അപേക്ഷകൾ സമർപ്പിക്കാൻ. അതിൽ 'Young Professionals Programme 2026' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് നിർദേശങ്ങളും യോഗ്യതകളും പൂർണമായും വായിക്കുക. ശേഷം അതിൽ പറയുന്നതനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയും വിവരങ്ങളും രേഖപ്പെടുത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |