SignIn
Kerala Kaumudi Online
Friday, 15 May 2026 11.04 PM IST

ഒടുവിൽ നറുക്ക് വീണത് കെ സി വേണുഗോപാലിന്? നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്, പ്രഖ്യാപനം ഇന്നുണ്ടായേക്കും

k-c-venugopal

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന അന്തിമ ചർച്ചകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നിലെന്ന് വിവരം. ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രഖ്യാപനം വൈകില്ലെന്നും ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രഖ്യാപനം കേരളത്തിൽ വേണോ അതോ ഡൽഹിയിൽ വേണോ എന്നതിലും ചർച്ച നടക്കുന്നുണ്ട്.

ഭൂരിപക്ഷം കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാലിനെ ഒഴിവാക്കുന്നത് ഉചിതമാവില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ചെന്നിത്തലയെയും സതീശനെയും ഒഴിവാക്കി പാർലമെന്റംഗമായ വേണുഗോപാലിനെ തീരുമാനിക്കുന്നത് കേരളത്തിലെ പാർട്ടിയിൽ പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയാക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. ചേരിതിരിഞ്ഞ് അണികൾ സംഘടിക്കുകയും സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുകയും ചെയ്യും. കെ.സി മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സതീശൻ രാഹുലിനെ ധരിപ്പിച്ചതായാണ് വിവരം.

യു.‌ഡി.എഫിന്റെ തകർപ്പൻ വിജയത്തിന് വഴിയൊരുക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഒത്തുതീർപ്പ് നിർദ്ദേശം മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ടു വച്ചതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. സീനിയോറിറ്റി പരിഗണിച്ച് ആദ്യത്തെ രണ്ടരവർഷം ചെന്നിത്തലയ്ക്കും തുടർന്നുള്ള രണ്ടരവർഷം സതീശനും നൽകണമെന്നാണ് അദ്ദേഹം നിർദേശിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

ഇന്നലെ ഡൽഹിയിൽ ചർച്ചകൾ നടന്നിരുന്നില്ല. വിജയ്‌‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയ്ക്കു പോയ രാഹുൽ വൈകിട്ട് മടങ്ങിയെത്തിയിരുന്നു. കർണാടക മന്ത്രിയുടെ നിര്യാണത്തെ തുടർന്ന് ബംഗളൂരുവിലേക്കു പോയ ഖാർഗെ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തും. ഇരുവരും തീരുമാനമെടുക്കുന്നതിന് മുമ്പ് സോണിയാ ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും അഭിപ്രായവും തേടും. തുടർന്ന് മുഖ്യമന്ത്രിയെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, K C VENUGOPAL, KERALAM CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA