SignIn
Kerala Kaumudi Online
Tuesday, 26 May 2026 8.30 PM IST

'ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തിരഞ്ഞെടുപ്പു കമ്മീഷൻ എന്താണ് ചെയ്യുന്നത്?'

kc-on-bjp

പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടിയെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്. പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തിരഞ്ഞെടുപ്പു കമ്മീഷൻ എന്താണ് ചെയ്യുന്നത്? ബിജെപിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം.തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി ജെ പി ഇത്തരത്തിൽ പണം നൽകുന്നത് പതിവാണ്. ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബി ജെ പിയുടെ എ ക്ലാസ് മണ്ഡലങ്ങൾ എന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.


കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എവിടെയാണ്? ഇന്ന് ടിവിയിലും ഓൺലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്. എൽഡിഎഫിന്റെയും ബിജെപിയുടെയും പരസ്യങ്ങൾ ഇന്നും ടിവിയിലും ഓൺലൈനിലും വരുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ എന്താണ് ചെയ്യുന്നത്.


കണ്ണൂരിലും കാസർകോട്ടും സിപിഎം കള്ളവോട്ട് ചെയ്യാൻ വേണ്ടി വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമിക്കുന്നുവെന്ന ആരോപണം കെസി വേണുഗോപാൽ ആവർത്തിച്ചു. കണ്ണൂർ ജില്ലയിലെ പലയിടങ്ങളിലും ചീമേനിയിലും രാത്രിയുടെ അന്ത്യയാമങ്ങളിൽ വ്യാജ കാർഡുകൾ അച്ചടിച്ചു കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അകത്തു നിന്നു തന്നെ ഇതു സംബന്ധിച്ച് തങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഇത് പരിശോധിക്കേണ്ടതും നടപടിയെടുക്കേണ്ടതും തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വ്യാജ കാർഡ് നിർമാണം ഉന്നയിച്ചതിന് തനിക്ക് വക്കീൽ നോട്ടീസ് കിട്ടിയിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP, NOTE, KC VEN, ELECTION ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA