SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

കത്തിക്കയറി ഡീൽ വിവാദം

ldf-udf-bjp

വിവാദങ്ങളില്ലാതെ തിരഞ്ഞെടുപ്പില്ല. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടികളിലെ അടികൾ കഴിഞ്ഞ് സ്ഥാനാർത്ഥി ചിത്രം പൂർണമായപ്പോൾ ഡീൽ വിവാദമാണ് കത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേരളകൗമുദിയിൽ കൊളുത്തിയ സി.പി.എം-ബി.ജെ.പി ഡീൽ ഇന്നലെ മുഖ്യമന്ത്രിയും ഏറ്റെടുത്തു. കോ-ലീ-ബി ഉണ്ടാക്കിയവരാണ് ഇപ്പോൾ സി.പി.എമ്മിനെ അധിക്ഷേപിക്കാനിറങ്ങിയതെന്നായിരുന്നു പിണറായിയുടെ പരിഹാസം. ഡീൽ വിവാവാദത്തിൽ പിണറായിയും വി.ഡി.സതീശനും രാജീവ് ചന്ദ്രശേഖറും. ഇന്നുമുതൽ കേരളകൗമുദിയിൽ വാദം മറുവാദം.

കോൺഗ്രസ് ഡീലുകൾക്ക്

ജാള്യതയില്ലാത്ത പാർട്ടി

പിണറായി വിജയൻ


ഡീലുകൾക്ക് ജാള്യതയുമില്ലാത്ത പാർട്ടി കോൺഗ്രസാണ്. 2016ൽ നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് - ബി.ജെ.പി ഡീലാണ്. നേമത്തിനു പകരം മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസിനെ ബി.ജെ.പി സഹായിച്ചില്ലേ. വടകര പാർലമന്റ് സീറ്റിലും ബേപ്പൂർ നിയമസഭാ സീറ്റിലുമാണ് കോ-ലീ-ബി സഖ്യം ബി.ജെ.പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. വിവരം പുറത്തായതോടെ വോട്ടർമാർ എൽ.ഡി.എഫിനെ വിജയിപ്പിച്ചു. 41 മണ്ഡലങ്ങളിൽ കോൺഗ്രസിനെ പിന്തുണച്ചെന്ന് ആർ.എസ്.എസ് പരസ്യമായി പറഞ്ഞിരുന്നു. ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടിക്കുമെന്നത് എൽ.ഡി.എഫ് നിലപാടാണ്. അതു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാണിച്ചു. ഇത്തവണയും അതു സംഭവിക്കും. ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കാത്ത കോൺഗ്രസ് നിലപാട് ബി.ജെ.പിക്ക് ഗുണകരമായി. ബീഹാർ തിരഞ്ഞെടുപ്പിലും കോൺഗ്രസ് നിലപാട് ബി.ജെ.പിക്ക് അനുകൂലമായി. ഈ ഘട്ടങ്ങളിലെല്ലാം രാഹുൽഗാന്ധിയും കോൺഗ്രസും ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിച്ചു. എന്നിട്ടാണ് ഞങ്ങൾക്കെതിരെ ഒരു ജാള്യതയുമില്ലാതെ ഡീൽ ആരോപിക്കുന്നത്.


ഡിലിന് തെളിവുകൾ തരാം,

പത്തിലൊന്നും നിൽക്കില്ല

വി.ഡി.സതീശൻ

പാലക്കാട്ടെ സി.പി.എം-ബി.ജെ.പി ഡീലിനെക്കുറിച്ച് വെറുതെ വെടിപൊട്ടിച്ചതല്ല. ഡീലുനടക്കുന്ന ഓരോമണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ തരാം. മഞ്ചേശ്വരം, കോന്നി, റാന്നി എന്നീ മണ്ഡലങ്ങൾ പരിശോധിയ്ക്ക്. ഒന്നാം നമ്പർ കാർ ഒഴിവാക്കി ആർ.എസ്.എസുമായി ചർച്ചയ്ക്ക് പോയ ആളാണ് മുഖ്യമന്ത്രി. 1977ൽ ആർ.എസ്.എസ് വോട്ട് നേടി ജയിച്ചയാളാണ്. ആ ചരിത്രം ഞങ്ങൾക്ക് പറയേണ്ടിവരും. തൃശൂരിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ വി.എസ്. സുനിൽകുമാറിന് ലഭിച്ചിരുന്നു. വിജയസാദ്ധ്യത കൂടുതലുള്ള സ്ഥാനാർത്ഥി എന്ന നിലയിലാണ് സുനിലിലേക്ക് ന്യൂനപക്ഷ വോട്ടുകളടക്കം പോയത്. എന്നിട്ടും സുനിൽ കുമാറിന് സി.പി.എം വോട്ടുകൾ കിട്ടിയില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇ.ഡി അന്വേഷണത്തിന്റെ മറവിൽ നടന്നത് തൃശൂർ സീറ്റിനുള്ള ഡീലാണ്. കേരളത്തിലെ ഇടത് സർക്കാരിനെ ഇ.ഡി പൂട്ടുന്നെന്ന് പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച ശേഷം കേരളത്തിൽ ആരെങ്കിലും ഇ.ഡിയെ കണ്ടിട്ടുണ്ടോ. വരട്ടെ ഇനിയും ഡീലിനെതിരായ പരാമർശങ്ങൾ. അപ്പോൾ മണ്ഡലങ്ങൾ എണ്ണിപ്പറയാം.

 ബി.ജെ.പിക്ക്

ഒരു ഡീലുമില്ല

രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പടുക്കുമ്പോൾ സതീശനും യു.ഡി.എഫിനും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. ജയിച്ചാലല്ലേ മുഖ്യമന്ത്രിയാവാൻ കഴിയൂ. നിൽക്കക്കള്ളിയില്ലാതെ പിച്ചും പേയും പറയുകയാണ്. ജനത്തിന് ഇതെല്ലാം അറിയാം. കേരളത്തിൽ മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണ്. അതവർക്കും മനസിലായിട്ടുണ്ട്. അപ്പോൾ പിന്നെ സി.പി.എം-ബി.ജെ.പി ഡീലിനെക്കുറിച്ചുള്ള കഥകളിറക്കുകയാണ്. പാലക്കാട്ട് ആര് മത്സരിച്ചാലും അവിടെ ബി.ജെ.പിസ്ഥാനാർത്ഥിയേ ജയിക്കൂ. സാധാരണ ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടെ മുന്നിൽ നിൽക്കേണ്ടത് അവിടുത്തെ സിറ്റിംഗ് എം.എൽ.എ അല്ലേ. അയാളവിടെ. രാജിവച്ചിട്ടില്ലല്ലോ. ആ വേവലാതിയെ മറികടക്കാൻ ഇറക്കിയ ശീട്ടാണിത്. വേവില്ല. കേരളത്തിൽ മികച്ച വിജയം നേടാൻ രാജ്യത്ത് നരേന്ദ്രമോദി സർക്കാർ നടത്തിയ വികസന നേട്ടങ്ങൾ മാത്രം മതി. റെയിൽവേയും ദേശീയപാതയുമടക്കം കേരളം മാറിയത് ഒരു ഡീലിന്റേയും ബലത്തിലല്ല. അപ്പോൾപിന്നെ സതീശന്റെ ആകാശത്തിലേക്കുള്ള പൊയ് വെടി ജനം അപ്പാടെ തള്ളും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA