
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സമ്പൂർണ ഡിജിറ്റലൈസേഷനുള്ള 70 കോടിയുടെ കരാറിൽ ദുരൂഹത. സർക്കാർ സ്ഥാപനമായ കിറ്റ്ഫ്രയ്ക്ക് നൽകിയ കരാർ നിലവിൽ നടത്തുന്നത് സ്വകാര്യ വ്യക്തികളടങ്ങിയ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റാണ്. സംഭവത്തിൽ സർക്കാരിന്റെ അനുമതിയ്ക്ക് അയച്ച ഫയലിൽ ക്രമക്കേട് തിരിച്ചറിഞ്ഞ റവന്യു ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം വിയോജനക്കുറിപ്പെഴുതി.
ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകൾ പരിശോധിക്കവെയാണ് ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ,നേരത്തെയുണ്ടാക്കിയ കരാറിൽ കിറ്റ്ഫ്രയുമായി ചേർന്ന് ഡിജിറ്റലൈസേഷൻ നടപ്പാക്കാൻ ദേവസ്വം തീരുമാനിക്കുകയിരുന്നു. അന്നത്തെ കിറ്റ്ഫ്ര എം.ഡി ഡോ. സന്തോഷ് ബാബു, ജനറൽ മാനേജർ രാഹുൽ എ. രാജ് എന്നിവർ ചേർന്നാണ് ദേവസ്വവുമായി 3.5% കൺസൾട്ടൻസി ഫീസിൽ ധാരണാപത്രം ഒപ്പിട്ടത്. ഇതിനിടെ,കിറ്റ്ഫ്രയുടെ ചെയർമാനായ സംസ്ഥാന ഐ.ടി സെക്രട്ടറിയോ ബോർഡ് ഒഫ് ഡയറക്ടറ്റേഴ്‌സോ അറിയാതെ പദ്ധതി നടപ്പാക്കാൻ പ്രത്യേക പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കിറ്റ്ഫ്ര എം.ഡി രൂപീകരിച്ചു. പിന്നീട് ഇതിലേക്ക് ഇവർ തങ്ങളെതന്നെ ശുപാർശ ചെയ്തു. സന്തോഷിനെ സ്‌പെഷ്യൽ ഓഫീസറായും രാഹുലിനെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും കെ. പി. നൗഫലിനെ ചീഫ് സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റായും നിയമിച്ചു. ഇതനുസരിച്ച് 2026 മേയ് 20ന് ദേവസ്വം ബോർഡ് ഉത്തരവിറക്കിയതിനു പിന്നാലെ സന്തോഷ് കിറ്റ്ഫ്ര എം.ഡി സ്ഥാനം രാജിവച്ചു. കെ.എ.എസ് ഉദ്യോഗസ്ഥനായ രാഹുൽ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായി. ഇതിനിടെ കിറ്റ്ഫ്ര,ഡിജിറ്റലൈസേഷനിൽ നിന്ന് പുറത്തായി. കിറ്റ്ഫ്രയിൽ നിന്ന് വിട്ടുപോയവർ രൂപീകരിച്ചതാണ് നിലവിലെ മാനേജ്മെന്റ് യൂണിറ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |