
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച കേസിൽ ജഡ്ജിപുത്രനായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഇന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. 17കാരനെതിരെ കോടതിയിൽ ഹാജരാക്കാൻ പരമാവധി തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ ജില്ലാ ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ കാറിലെ ഔദ്യോഗികബോർഡ് സുഹൃത്ത് നീക്കിയെന്ന പരാതി വിശദമായി അന്വേഷിക്കും. ഇക്കാര്യം സ്ഥിരീകരിക്കാൻ അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യം ശേഖരിച്ചു. ജഡ്ജിയെയും മകനെയും രണ്ടുതവണ ചോദ്യം ചെയ്തതിന്റെ വിശദാംശം, ആലുവയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരം തുടങ്ങിയവ ഇന്ന് കോടതിയെ അറിയിക്കും. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു.
സമൂഹമാദ്ധ്യമ വിവരവും തെളിവാകും
മുമ്പ് കാറോടിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ 17കാരൻ പങ്കിട്ടിരുന്നെന്ന വിവരവും സ്ഥിരീകരിക്കും. നീക്കിയ സമൂഹമാദ്ധ്യമ അക്കൗണ്ട് വീണ്ടെടുത്ത് പരിശോധിക്കും. ഫ്ളാറ്റിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ, ലാപ് ടോപ്പ് എന്നിവയുടെ സൂക്ഷ്മപരിശോധന തുടരുകയാണ്. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് ജഡ്ജിയെയും പുത്രനെയും വീണ്ടും ചോദ്യം ചെയ്തേക്കും.
ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയാകും അന്വേഷണം. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കാളിരാജ് മഹേഷ്‌കുമാറിന് സ്ഥാനമാറ്റവും നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും ലഭിച്ച കേസെന്ന നിലയിൽ അതീവശ്രദ്ധയോടെയാണ് സംഘത്തിന്റെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |