തിരുവനന്തപുരം: മുൻസർക്കാരിന്റെ കാലത്ത് നടത്തിയ തദ്ദേശവകുപ്പ് ഏകീകരണം തിരിച്ചടിയായി. ജനങ്ങൾക്ക് സേവനം വേഗത്തിലും സുഗമവും സുതാര്യവുമാക്കാൻ നടപ്പാക്കിയ ഏകീകരണത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളായെന്നാണ് റിപ്പോർട്ട്. ജീവനക്കാരും ജനങ്ങളും അതൃപ്തരാണ്. തദ്ദേശസ്ഥാപനങ്ങളിലെ ഭരണത്തിൽ അഴിമതി കൂടാനും ഇടയാക്കി. ഇതോടെ വകുപ്പ് ഏകീകരണത്തിന്റെ ദോഷങ്ങളും വീണ്ടും വിഭജിക്കുന്നതിനെ കുറിച്ചും പഠിച്ച് റിപ്പോർട്ട് നൽകാൻ വകുപ്പ് സെക്രട്ടറിയെയും സ്പെഷ്യൽ സെക്രട്ടറിയെയും ഉൾപ്പെടുത്തി സർക്കാർ സമിതി രൂപീകരിച്ചു. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കും.

ഗ്രാമവികസന വകുപ്പ്, നഗരകാര്യവകുപ്പ്, നഗര,ഗ്രാമ ആസൂത്രണ വകുപ്പ്, തദ്ദേശ എൻജിനിയറിംഗ് വകുപ്പ്,പഞ്ചായത്ത് വകുപ്പ് എന്നിവയെ ഏകീകരിച്ചാണ് 2021ൽ തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരിച്ചത്. ഇതോടെ മൂന്ന് മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഒരു മന്ത്രിയിലേക്കെത്തി. സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത,ജീവനക്കാരുടെ ഭരണനിർവ്വഹണം,ജനങ്ങൾക്ക് സേവന ലഭ്യത എന്നിവ മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
അഞ്ചുവർഷത്തിനുശേഷയും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്ക് കൃത്യമായി സേവനം കിട്ടുന്നുമില്ല.ബിൽഡിംഗ് പെർമിറ്റ് മുതൽ ആസൂത്രണപദ്ധതി വരെ താളംതെറ്റുകയും ചെയ്തു.
ജീവനക്കാർക്കാണ് അസംതൃപ്തി കൂടുതൽ. ഏകീകരണം വന്നപ്പോൾ, സീനിയോറിറ്റി പ്രൊട്ടക്ഷൻ, ഇന്റർ ഡിസിപ്ളിനറി സ്ഥലംമാറ്റ സംരക്ഷണം, പ്രമോഷൻ മാനദണ്ഡം തുടങ്ങിയവയിലുണ്ടാക്കിയ വ്യവസ്ഥകളെല്ലാം അവഗണിച്ചു. പഞ്ചായത്ത് രാജ് നിയമമനുസരിച്ചുളള കാര്യങ്ങൾ ചെയ്തിരുന്നവർ കോർപറേഷൻ ഓഫീസിലേക്കും മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തിരുന്നവർ പഞ്ചായത്തുകളിലുമെത്തി. പ്രവർത്തന പരിചയമില്ലായ്മ മൂലം ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെല്ലാം തെറ്റി.ഇതെല്ലാം വൻപരാതിളുണ്ടാക്കി. മണൽവാരലും വ്യവസായനുമതിയിലുമെല്ലാം വൻ ക്രമക്കേടുണ്ടായതായി ആക്ഷേപമുണ്ട്. തദ്ദേശവകുപ്പിലെ 30000ത്തോളം ജീവനക്കാർക്ക് ഖജനാവിൽ നിന്ന് സർക്കാർ നേരിട്ട് ശമ്പളം കൊടുക്കേണ്ട സാഹചര്യമുണ്ടായി. നേരത്തെ തദ്ദേശസ്ഥാപനങ്ങളിലെ തനത് ഫണ്ടിൽ നിന്നാണ് കൊടുത്തിരുന്നത്. ശമ്പളബാദ്ധ്യത ഒഴിഞ്ഞതോടെ തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ട് രൂപീകരണത്തിന് താൽപര്യം കുറഞ്ഞത് അഴിമതിക്കിടയാക്കി.
#ശമ്പളപരിഷ്ക്കരണ
സെല്ലും വിവാദമായി
ശമ്പളപരിഷ്ക്കരണത്തെ കുറിച്ച് പഠിക്കാൻ തദ്ദേശവകുപ്പിൽ 20അംഗ ജീവനക്കാരുടെ സെൽ രൂപീകരിച്ചത് വിവാദമായി. മുമ്പെങ്ങുമില്ലാതിരുന്ന നടപടിയാണിത്. ഇതിൽ 16 പേരും പഞ്ചായത്ത് വകുപ്പിൽ നിന്നാണ്. ഗ്രാമവികസനം,നഗരകാര്യം,നഗര,ഗ്രാമ ആസൂത്രണം, തദ്ദേശഎൻജിനിയറിംഗ് വകുപ്പുകളിൽ നിന്ന് ഓരോരുത്തർ മാത്രം. അതും നോൺ സൂപ്പർവൈസറി വിഭാഗത്തിലുള്ളവർ .ഇതാണ് പരാതിക്കിടയാക്കിയത്. മുൻസർക്കാരിന്റെ കാലത്ത് മന്ത്രിയുടെ എ.പി.എസായിരുന്ന ആളെയാണ് സെല്ലിന്റെ നോഡൽ ഓഫീസറാക്കിയത്. അതിനോടുള്ള രാഷ്ട്രീയ എതിർപ്പ് വേറെ.ഇതോടെ സെൽ രൂപീകരണം അവതാളത്തിലായി. തനത് ഫണ്ടിൽ നിന്ന് ശമ്പളം കൊടുത്തിരുന്നപ്പോൾ ഈ തലവേദന ഉണ്ടായിരുന്നില്ല. ശമ്പളപരിഷ്ക്കരണ കമ്മിഷന് റിപ്പോർട്ട് നൽകാനാണ് സെൽ രൂപീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |