തിരുവനന്തപുരം:ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ ബൈജുവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രാഥമികമൊഴിയെടുപ്പ് എന്ന നിലയിലാണ് വിവരങ്ങൾ തേടിയത്. അടുത്തയാഴ്ച വിശദമൊഴി രേഖപ്പെടുത്താനെത്തും. കൊച്ചിയിലെ സംഘമാണ് കഴിഞ്ഞ ബുധനാഴ്ച ചെയർമാനെത്തേടിയെത്തിയത്. പരീക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. പരീക്ഷാ,നിയമനരേഖകൾ ഉടൻ കൈമാറണമെന്ന് ചെയർമാനോട് നിർദ്ദേശിച്ചു. ഈകേസിലാണ് പി.എസ്.സി ചെയർമാൻ, അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർ വേണ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അനർഹമായ റാങ്ക് നൽകിയെന്നും അതിലൂടെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകേണ്ട നിയമനം ഇല്ലാതാക്കിയെന്നുമാണ് എഫ്.ഐ.ആറിലുള്ളത്.
കൊച്ചി കുഫോസ് സർവകലാശാലയിലുളളവർക്കാണ് തട്ടിപ്പിലൂടെ ആദ്യറാങ്കുകൾ നൽകിയത്. ഇതേക്കുറിച്ച് ഫിഷറീസ് സർവകലാശാലയിൽ അന്വേഷണം തുടങ്ങി. അവിടത്തെ ഏതാനും ഉദ്യോഗസ്ഥരെ എസ്.ഐ.ടി ചോദ്യംചെയ്തു. ചോദ്യപേപ്പർ തയ്യാറാക്കിയതും മൂല്യനിർണയം നടത്തിയതുമെല്ലാം കുഫോസിലെ അദ്ധ്യാപകരാണെന്നാണ് സൂചന.
അതിനിടെ, തിരുവനന്തപുരത്തെ കേസുകളിൽ പി.എസ്.സിഅംഗങ്ങളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇന്നലെയും രണ്ടുപേരെ ചോദ്യംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |