
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി എൻഫോഴ്സ്‌മെന്റ്- ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണറായി ബി.എൽ.ഷാജഹാനെ നിയമിച്ചു. നെടുമങ്ങാട് ഓഡിറ്റ് ഡിവിഷനിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു. മെസി തട്ടിപ്പിൽ ഉൾപ്പെട്ട ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ വി.സുനിൽ കുമാറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഒാഡിറ്റ് വിഭാഗത്തിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്നാണ് പുതിയ നിയമനം.
ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ്, എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളിൽ സാങ്കേതിക സംവിധാനങ്ങൾക്ക് പ്രാധാന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഷാജഹാന്റെ പുതിയ ചുമതല ശ്രദ്ധേയമാണ്. നികുതി നിരീക്ഷണം, ഡിജിറ്റൽ വിവരങ്ങളുടെ പരിശോധന, വാഹനങ്ങളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിശകലനം, വിവിധ എൻഫോഴ്സ്‌മെന്റ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളാണ് ഈ വിഭാഗങ്ങളുടെ പരിധിയിൽ വരുന്നത്.
സൈബർ ഫോറൻസിക് സെല്ലും വാഹന നമ്പർ പ്ലേറ്റുകൾ സ്വയമേവ തിരിച്ചറിയുന്ന സംവിധാനവും ഉൾപ്പെടുന്ന വിഭാഗങ്ങളുടെ ഏകോപനം നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനുള്ള സാങ്കേതിക ശേഷി മെച്ചപ്പെടുത്താൻ സഹായകമാകുമെന്നാണ് പ്രതീക്ഷ. വകുപ്പിന്റെ സാങ്കേതികാധിഷ്ഠിത പരിശോധനാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടു കൂടിയാണ് ഷാജഹാന്റെ നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |