തിരുവനന്തപുരം: വയോധികരുടെ സംരക്ഷണം സാമൂഹിക സംസ്കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. എൻ.ജി.ഒകളും മറ്റ് ഏജൻസികളും ഇതിനായി കൈകോർക്കണം. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പാർട്ട്‌മെന്റ് ഓഫ് സീനിയർ സിറ്റിസണുമായി 12 സ്ഥാപനങ്ങളാണ് ധാരണാപത്രം ഒപ്പുവച്ചത്.
മുതിർന്ന പൗരന്മാർക്ക് പരിചരണം ഫലപ്രദമായി നടപ്പിലാക്കാനുള്ള 'കെയർ ഗീവേഴ്സ് കോഴ്സിനായി സിലബസ് ചിട്ടപ്പെടുത്തുകയാണ്. ജർമ്മനി, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകൾ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായാണ് തയ്യാറാക്കുന്നത്. നഴ്സിംഗിന് തൊട്ടുതാഴെ വരുന്ന ഒരു വർഷത്തെ പ്രായോഗിക കോഴ്സായായിരിക്കും ഇത്.
വയോധികരുടെ ക്ഷേമരംഗത്ത് അക്കാദമിക, ഗവേഷണ, സാങ്കേതിക, സ്ഥാപനതല സഹകരണത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. മുതിർന്ന പൗരന്മാർക്കുള്ള സംസ്ഥാന നയവും കർമപദ്ധതിയും സംബന്ധിച്ച ഏകദിന ശിൽപശാലയും നടന്നു. ശേഷം സ്ഥാപന പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |