
കൊച്ചി: ഇടപ്പള്ളിയിൽ 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ 40കാരി അറസ്റ്റിൽ. ഇടപ്പള്ളി ചങ്ങമ്പുഴ റോഡ് പരിസരത്ത് വാടകയ്‌ക്ക് താമസിക്കുന്ന യുവതിയും 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്നാണ് പാലക്കാട് സ്വദേശിയായ പ്ലസ് വൺകാരനെ തല്ലിച്ചതച്ചത്. മൂത്രത്തിലൂടെ രക്തം വരുന്ന അവസ്ഥയിലായ 17കാരൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് പറഞ്ഞാണ് യുവതിയും മകനും ചേർന്ന് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മർദ്ദനമേറ്റ കുട്ടിയുടെ കുടുംബവും അറസ്റ്റിലായ യുവതിയും മകനും നേരത്തേ ഒരേ കെട്ടിടത്തിൽ വാടകയ്‌ക്ക് താമസിച്ചിരുന്നു. അവിടെ വച്ചാണ് രണ്ടുകുട്ടികളും സുഹൃത്തുക്കളാകുന്നത്. അയൽവാസികളായ പെൺകുട്ടികളാണ് മർദ്ദിക്കാൻ ഒപ്പം ചേർന്നത്. ഇക്കാലത്ത് ഓൺലൈൻ ഗെയിം കളിക്കാൻ 17കാരന്റെ പേരിൽ എല്ലാവർക്കും ഉപയോഗിക്കാനാകും വിധം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിനിടെ 17കാരന്റെ കുടുംബവും 40കാരിയുമായി വഴക്കുണ്ടാവുകയും വീട്ടുടമ ഇവരെ ഒഴിപ്പിക്കുകയും ചെയ്തു. പിന്നീട് എളമക്കരയിൽ വേവ്വേറെ ഇടങ്ങളിലായിരുന്നു ഇവരുടെ താമസം. അടുത്തിടെ 17കാരൻ പുതിയ ഫോൺ വാങ്ങി. ഇതിൽ ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ഗെയിമിനായി നേരത്തെ തുറന്ന അക്കൗണ്ടിൽ നിന്ന് യുവതികൾക്ക് അശ്ലീല സന്ദേശമയച്ചതായി കണ്ടെത്തി. ഇക്കാര്യം 16കാരനോട് ചോദിച്ചെങ്കിലും മറുപടി നൽകിയില്ല. വീണ്ടും കാര്യം തിരക്കിയതോടെ, പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. 17കാരൻ തന്നെപ്പറ്റി മോശം കാര്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പലരോടും പറഞ്ഞതിന്റെ ദേഷ്യത്തിലാണ് മർദ്ദിച്ചതെന്നാണ് ഇവരുടെ മൊഴി. 40കാരിയുടെ ഭർത്താവ് വിദേശത്താണ്. 17കാരനും കുടുംബവും വർഷങ്ങളായി എറണാകുളത്താണ് താമസം.
യുവതിക്കെതിരെ വധശ്രമക്കേസ്;
കുട്ടികൾക്കെതിരെ റിപ്പോർട്ട് നൽകും
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പുറത്തുനിറുത്തി 17കാരനെ മാത്രമാണ് സംഘം വീടിനകത്തേക്ക് കൊണ്ടുപോയത്. 40കാരി ആദ്യം ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്‌ക്കടിച്ചു. പിന്നാലെ മറ്റുള്ളവരും മർദ്ദിച്ചു. നടന്നതൊന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി വിട്ടയച്ചു. ശനിയാഴ്ച മൂത്രത്തോടൊപ്പം രക്തസ്രാവമുണ്ടായതോടെ 17കാരൻ വീട്ടുകാരോട് കാര്യം പറഞ്ഞു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്നാണ് എളമക്കര പൊലീസിനെ വിവരമറിയിച്ചത്. അന്വേഷണത്തിൽ മർദ്ദനദൃശ്യം പൊലീസിന് ലഭിച്ചു. ഇന്നലെ രാവിലെ 40കാരിയെ അറസ്റ്റുചെയ്‌ത് വധശ്രമത്തിന് കേസെടുത്തു. അക്രമത്തിൽ പങ്കാളികളായ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ പൊലീസ് സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |