
തിരുവനന്തപുരം: ഈമാസം ആദ്യ എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് 25 പേർ ഷിഗെല്ല രോഗ ബാധിതരായി. ഇതിൽ ഒമ്പതുപേർ മലപ്പുറത്താണ്. കോഴിക്കോട്ട് ആറും പാലക്കാട്ട് മൂന്നും പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂരിലും കൊല്ലത്തും രണ്ടുപേർക്കു വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം കണ്ടെത്തി. കല്യാണ വീടുകളിലെയും ഹോട്ടലുകളിലെയും ഭക്ഷണമാണ് രോഗവാഹകർ.
മലപ്പുറത്തെ ഒമ്പതു രോഗികളും ഏലംകുളം പഞ്ചായത്തിലാണ്. ഇതിൽ രണ്ട് കുട്ടികൾ ചികിത്സയിലാണ്. വെള്ളിയാഴ്ച 13 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴും മലപ്പുറത്താണ്. അഞ്ചുപേർ കോഴിക്കോട്ടും. കൊല്ലം തലവൂരിൽ ഒരാൾക്കും രോഗം ബാധിച്ചു. സെപ്തംബറിൽ 32 പേർക്കാണ് രോഗം ബാധിച്ചത്.
അതേസമയം കോഴിക്കോട് മേപ്പയിൽ 100 ലേറെ വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയിൽ 20 പേർക്ക് ഷിഗെല്ല രോഗ ലക്ഷണം കണ്ടെത്തി. ഇതേത്തുടർന്ന് ജാഗ്രതയിലാണെന്ന് ഡി.എം.ഒ ഇൻചാർജ് ഡോ. രാജേഷ് പറഞ്ഞു.
പേടിപ്പിക്കുന്ന ഷിഗെല്ല
ഈവർഷം രോഗം ബാധിച്ചവർ- 583
മരണം- 8
2025ൽ രോഗം ബാധിച്ചവർ- 132
ശ്രദ്ധിക്കണം രോഗ ലക്ഷണങ്ങളെ
രോഗിയുടെ മലത്തിലൂടെ ഷിഗെല്ല ബാക്ടീരിയ പുറത്തെത്തും
തുറസായ സ്ഥലത്തെ മലവിസർജനം, തുറന്ന സെപ്റ്റിക് ടാങ്കുകൾ, ശൗചാലയത്തിന് അടുത്തുള്ള കിണറുകൾ എന്നിവയിലൂടെ കുടിവെള്ളം മലിനമാകാം.
പനിയോടുകൂടിയ വയറിളക്കം, മലത്തിൽ രക്തവും കഫവും, കടുത്ത വയറുവേദന, ഛർദി, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ്
'ഏലംകുളത്ത് രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനം വേഗത്തിൽ നടക്കുകയാണ്".
- ഡോ. വി. വിനോദ്,
ജില്ലാ മെഡിക്കൽ ഓഫീസർ, മലപ്പുറം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |