SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.11 AM IST

മൂന്ന് മണ്ഡലങ്ങളിൽ ഇടത് വോട്ട് ബി.ജെ.പിക്ക് കിട്ടി

1

കോഴിക്കോട്: ചാത്തന്നൂർ, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ഇടതുപക്ഷ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചതായി വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച പാർട്ടി രേഖ. ഇടതു മുന്നണിക്ക് നേരത്തേ ലഭിച്ച മതനിരപേക്ഷ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ കിട്ടിയില്ല. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നു. മഞ്ചേശ്വരം, കാസർകോട്, മലമ്പുഴ, പാലക്കാട്, തിരുവല്ല, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്തെത്തി. ഇതിൽ സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ഹിന്ദു വിഭാഗങ്ങളെ ജാതീയമായി പിളർത്തി വർഗീയമായി യോജിപ്പിക്കുന്ന രീതിയാണ് ബി.ജെ.പി സ്വീകരിച്ചത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 12.47 ശതമാനം വോട്ടായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 2026ൽ ഇത് 14.20 ശതമാനമായി. സി.പി.എം പ്രവർത്തകരെ ബി.ജെ.പിയിലെത്തിക്കാനുള്ള ശക്തമായ ഇടപെടലിൽ ജാഗ്രത പുലർത്തണം. ഇടതു കാഴ്ചപ്പാട് പ്രചരിപ്പിക്കുന്നതിൽ വലിയ പോരായ്മ നിലനിൽക്കുന്നു. മാർക്സിസ്റ്റ് നിലപാടുകൾ കാലഹരണപ്പെട്ടതാണെന്ന ആശയഗതികൾ പ്രചരിപ്പിക്കുന്നു. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ ജാതീയമായും വർഗീയമായും സംഘടിപ്പിക്കുന്നതാണ് പുരോഗമനപരമെന്ന ആശയവും ചില കേന്ദ്രങ്ങൾ അവതരിപ്പിക്കുന്നു.

കയർ, കശുഅണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളാണ് പാർട്ടിയുടെ ശക്തിയുള്ള അടിത്തറയായി നിലനിന്നത്. എന്നാൽ, ആധുനിക യന്ത്ര സംവിധാനങ്ങളും മറ്റും വന്നതോടെ ഈ മേഖലയെ പഴയ രീതിയിൽ നിലനിർത്തുക പ്രയാസകരമായി . എസ്.ഐ.ആർ വന്ന ശേഷം ഓരോ മണ്ഡലത്തിലെയും വോട്ടർ പട്ടികയിലുണ്ടായ മാറ്റം ഗൗരവമായി പഠിക്കണം. 88 മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞപ്പോൾ, 52 മണ്ഡലങ്ങളിൽ വർദ്ധിച്ചു. വോട്ട് കൂടിയ മണ്ഡലങ്ങളിൽ ഏറെയും വടക്കൻ ജില്ലകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA