
ന്യൂഡൽഹി/തിരുവനന്തപുരം: പാർട്ടി ചവിട്ടി ഉഴിച്ചിൽ നടത്തി സ്വയം ചികിത്സയ്‌ക്ക് വിധേയമാവുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഡൽഹിയിൽ പ്രഖ്യാപിച്ചതോടെ അടുത്തയാഴ്ച കോഴിക്കോട് നടക്കുന്ന സി.പി.എം വിശാല സംസ്ഥാന കമ്മിറ്റി വഴിത്തിരിവാകുമെന്ന് സൂചന. ചർച്ചയ്ക്ക് പ്രത്യേക മാർഗനിർദ്ദേശം നൽകാത്ത സാഹചര്യത്തിൽ കടുത്ത വിമർശനം ഉയരും. അതു നേതൃമാറ്റം എന്ന നടപടിയിലേക്ക് നീങ്ങാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സംസ്ഥാന നേതൃത്വം.
കടുത്ത വിമർശനം വിഭാഗീയതയിലേക്ക് നയിക്കുമെന്നും പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി ജില്ലാഘടകങ്ങളെ വരുതിയിലാക്കാനാണ് ശ്രമം. ഇപ്പോഴത്തെ നേതൃത്വം തുടരുന്നതാണ് പാർട്ടിക്ക് ദോഷം ചെയ്യുന്നതെന്ന കടുത്ത നിലപാടിലാണ് എതിർപക്ഷം. ഭാവിയിൽ പാർട്ടിയെ നയിക്കേണ്ടിവരുന്ന രണ്ടാംനിര നേതാക്കളാണ് തോമസ് ഐസക്കിനെ മുന്നിൽനിറുത്തി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ചർച്ചയ്ക്ക് മാർഗരേഖയില്ലാത്തതിനാൽ നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിക്കാനാണ് സമഗ്ര തെറ്റുതിരുത്തൽ ആവശ്യപ്പെടുന്നവരുടെ നീക്കം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയാണ് ഉന്നംവയ്ക്കുന്നത്. പൊതുയോഗത്തിൽ അണികൾ തിരുത്തണമെന്ന് വാദിച്ച പിണറായി വിജയനാകട്ടെ, പാർട്ടി നേതൃയോഗങ്ങളിൽ ഇപ്പോൾ കാര്യമായ അഭിപ്രായ പ്രകടനം നടത്താറില്ല. തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ചു വീണ്ടും ചർച്ച ചെയ്യരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തെറ്റുതിരുത്തൽ റിപ്പോർട്ട് അംഗീകരിക്കാനുള്ള സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റ് അംഗീകരിച്ച കരട് റിപ്പോർട്ടിൽ ചർച്ച നടത്തിയാകും തീരുമാനം.
ആ പി.ബി അംഗങ്ങൾ തുറന്ന
ചർച്ചയ്ക്ക് വഴിയൊരുക്കും
1.13 മുതൽ 15 വരെ കോഴിക്കോട് നടക്കുന്ന യോഗത്തിൽ വിമർശനങ്ങളുടെ വായടപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ കേരളത്തിനു പുറത്തുള്ള അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് പങ്കെടുക്കുന്നത്. തുറന്ന ചർച്ച നടക്കണമെന്നാണ് ഇവരുടെ നിലപാട്. കെ.ബാലകൃഷ്ണൻ, യു.വാസുകി, ബി.വി.രാഘവലു, അശോക് ധാവളെ, വിജു കൃഷ്ണൻ എന്നീ പി.ബി അംഗങ്ങളാണ് കേരളത്തിന് പുറത്തുള്ളവർ
2.പി.ബി അംഗങ്ങളായ പിണറായിയും എം.വി.ഗോവിന്ദനും എ.വിജയരാഘവനും സംസ്ഥാന നേതൃത്വത്തെ ന്യായീകരിച്ചാൽ, അവൈലബിൾ പി.ബി ചേർന്ന് അതിനെ മറികടക്കാൻ കഴിയും. ജനറൽ സെക്രട്ടറി എം.എ.ബേബി ഭൂരിപക്ഷ നിലപാടിനോട് യോജിക്കും
3.പാർട്ടി ചവിട്ടി ഉഴിച്ചിൽ നടത്തി സ്വയം ചികിത്സയ്‌ക്ക് വിധേയമാകുകയാണെന്ന് എം.എ. ബേബി ഡൽഹിയിൽ പ്രഖ്യാപിച്ചതിൽ പല അർത്ഥവും ഒളിഞ്ഞിരിപ്പുണ്ട്. പലർക്കും ചവിട്ടേൽക്കും
4.വീഴ്ചപറ്റിയാൽ നേതൃത്വം തിരുത്തണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് ഇന്നലെ ആവർത്തിച്ചതും ഈ പശ്ചാത്തലത്തിലാണ്. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടും മലയാള പരിഭാഷയും സൈബർ ഇടങ്ങളിൽ പ്രചരിപ്പിച്ചാണ് എതിർപക്ഷത്തിന്റെ ക്യാമ്പയിൻ.
ബലഹീനതകൾ പരിഹരിച്ച് പാർട്ടിയെ കരുത്തുറ്റതാക്കാനാണ് കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി.
-എം.എ.ബേബി,
സി.പി.എം ജന. സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |