
പോത്തൻകോട്: ലഹരിക്കെതിരെ ഏറ്റവും ശക്തമായി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണഗുരുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിൽ മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് അണിനിരന്ന് ഭാവിതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഗുരുശ്രേഷ്ഠ പുരസ്കാരത്തോടൊപ്പം ലഭിച്ച 25,000 രൂപയുടെ പുരസ്കാരത്തുക മന്ത്രി ഹരിപ്പാട് സബർമതി കേന്ദ്രത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറി. ഹരിപ്പാട് മുനിസിപ്പൽ വാർഡ് കൗൺസിലർ ഷിബു പഞ്ചവടി മന്ത്രിയിൽ നിന്ന് തുക ഏറ്റുവാങ്ങി. ശ്വാശതികാനന്ദ സ്വാമിയുടെ 24-ാമത് സ്മരണാഞ്ജലിയോടനുബന്ധിച്ച് വാവറമ്പലം മൂൺലൈറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന മതാതീത സമ്മേളനം, ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗുരുദർശനം പുരസ്കാരം ഡോ. എൽ. തുളസീധരനും ശ്രീനാരായണ മതാതീത പുരസ്കാരം ഡോ. പുനലൂർ സോമരാജനും ശ്രീനാരായണ സേവാ പുരസ്കാരം ഡോ. വി. സജീവിനും കൈമാറി. കെ.എസ്. അനിൽ നെയ്യാറ്റിൻകര സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി,സ്വാമി സുകൃതാനന്ദ,പ്രൊഫ.ശിശുപാൽ,ഡോ.സീരപാണി,പി.പ്രവീൺ,വാവറമ്പലം സുരേന്ദ്രൻ,കെ.എസ്.ജ്യോതി,മഹാനി ജെസിം,കാർത്തിക,അജിത മോഹൻദാസ്,ഷിബു പഞ്ചവടി,ബീന പെരേര,ബിന്ദു,എം.പ്രവീൺ,കെ.പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പോത്തൻകോട്,അണ്ടൂർക്കോണം,മംഗലപുരം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |